ന്യൂഡൽഹി: യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ കിറ്റ് കൈപ്പറ്റിയത് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി തേടണമെന്ന ചട്ടം ലംഘിച്ചാണെന്ന പരാതികളിൽ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്രസർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ. അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ചട്ടലംഘനം സംബന്ധിച്ച പരാതികൾ വിശദമായി പരിശോധിക്കാനാണ് കേന്ദ്രനീക്കം.
സർക്കാർ വാഹനത്തിൽ മതഗ്രന്ഥമെന്ന പേരിൽ സ്വർണം കടത്തിയെന്ന ആരോപണത്തിൽ കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജലീലിനെതിരെ റംസാൻ കിറ്റ് സംഭവത്തിൽ കേന്ദ്രം കുരുക്ക് മുറുക്കുന്നത്.
റംസാൻ കിറ്റ് വിതരണത്തിന് യു.എ.ഇ കോൺസുലേറ്റിന്റെ സഹായം സ്വീകരിച്ചെന്ന് ജലീൽ സമ്മതിച്ചിരുന്നു. ഏതുതരം വിദേശസഹായം സ്വീകരിക്കാനും കേന്ദ്രാനുമതി ആവശ്യമാണെന്നിരിക്കെ മന്ത്രി ജലീൽ ചട്ടലംഘനം നടത്തിയെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് പരാതികൾ പ്രധാനമന്ത്രിക്കും ആഭ്യന്തര, വിദേശ ധനമന്ത്രാലയങ്ങൾക്കും സംസ്ഥാനത്തു നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയിൽ സംസ്ഥാന ലോകായുക്ത ജലീലിന് നോട്ടീസ് നൽകിയിരുന്നു.
ചട്ടലംഘനം തെളിഞ്ഞാൽ ഇ.ഡി കേസ്
തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് ധന മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയാൽ മന്ത്രി കെ.ടി. ജലീലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുക്കും. വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ) സംബന്ധിച്ച നടപടികൾക്കായി ധനമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി തലവനായി പ്രത്യേക വിഭാഗമുണ്ട്. ആദ്യം അന്വേഷണം നടത്തുക ഇവരാണ്. ചട്ടലംഘനം കണ്ടെത്തിയാൽ കേസെടുക്കാൻ ജോയിന്റ് സെക്രട്ടറിക്ക് ഇ.ഡി ഡയറക്ടറോട് നിർദ്ദേശിക്കാം.
അഞ്ചുലക്ഷം രൂപയുടെ നൂറ് ഭക്ഷ്യകിറ്റുകളുടെ ഇടപാടാണ് യു.എ.ഇ കോൺസൽ ജനറലുമായി ജലീൽ നടത്തിയത്. ചട്ടപ്രകാരം പണം, ഉപഹാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണം. ഒരു ലക്ഷത്തിലേറെ മൂല്യമുള്ള സമ്മാനം വിദേശത്തെ ഉറ്റബന്ധുക്കളിൽ നിന്ന് സ്വീകരിക്കാൻപോലും കേന്ദ്രാനുമതി വേണം. ഇതിനുള്ള അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവർത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറൻസ് നൽകേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. ഈ നടപടികളെല്ലാം ലംഘിക്കപ്പെട്ടതിനാലാണ് ജലീലിനെതിരെ ധന, ആഭ്യന്തര മന്ത്രാലയങ്ങളുടെ സംയുക്ത അന്വേഷണം. വിദേശനാണ്യ വിനിമയചട്ടം (ഫെമ) അനുസരിച്ച് പണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും വേണം.
നിയമനിർമ്മാണ സഭകളിലെ അംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നതിന് നിരോധനമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കോ ഭാരവാഹികൾക്കോ സഹായം സ്വീകരിക്കാനാവില്ല. വിദേശസഹായം മണ്ഡലത്തിൽ ചെലവഴിച്ചതും ഗുരുതര കുറ്റമാവും. യു.എ.ഇ കോൺസൽ ജനറലുമായുള്ള വാട്സ്ആപ് ചാറ്റിലൂടെയാണ് അഞ്ചുലക്ഷം രൂപയുടെ ഇടപാട് നടത്തിയതെന്ന് ജലീൽ സമ്മതിച്ചത്. അതിനാൽ ഇതുസംബന്ധിച്ച ഫയലുകളോ രേഖകളോ ഉണ്ടാവാനിടയില്ല.
അന്വേഷണം ഇങ്ങനെ
- കേന്ദ്രധനമന്ത്രാലയം ചീഫ്സെക്രട്ടറിയോടാവും ആദ്യം വിവരങ്ങൾ തേടുക. രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കും
- മന്ത്രിയുടെ വിശദീകരണം തേടും. ചീഫ്സെക്രട്ടറി വഴിയും മൊഴിയെടുക്കാം. പണം തിരികെനൽകാൻ നിർദ്ദേശിക്കാം
- ചട്ടലംഘനം കണ്ടെത്തിയാൽ ഇ.ഡി കേസെടുക്കും. തുടർച്ചയായ ചോദ്യം ചെയ്യലാണ് ഇ.ഡിയുടെ രീതി
- ഗുരുതരമായ ലംഘനം കണ്ടെത്തിയാൽ 5 വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പ് ചുമത്താം
ഏത് അന്വേഷണവും ആയിരംവട്ടം നേരിടാൻ തയ്യാർ. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവൻ ആരെ പേടിക്കാൻ
-കെ.ടി.ജലീൽ, ഉന്നതവിദ്യാഭ്യാസ മന്ത്രി