delhi

ന്യൂഡൽഹി: ഡൽഹി കലാപത്തെ കുറിച്ച് ബ്ലൂംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകം പിൻവലിച്ചു. മോണിക്ക അറോറ, സോണാലി ചിതൽകർ, പ്രേരണ മൽഹോത്ര എന്നിവർ എഴുതിയ

'ഡൽഹി റയോട്‌സ് 2020; ദി അൺടോൾഡ് സ്‌റ്റോറി" എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നാണ് പ്രസാധകരായ ബ്ലൂംസ്ബെറി പിൻമാറിയത്.

പുസ്തകം സത്യത്തെ മറച്ചുപിടിച്ച് നുണ പ്രചരിപ്പിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. അതിനിടെ പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയിൽ കലാപത്തിൽ ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് കപിൽ മിശ്ര അതിഥിയായി പങ്കെടുത്തതും വിവാദമായിരുന്നു. സംവിധായകൻ വിവേക് അഗ്‌നിഹോത്രി, നൂപുർ ശർമ തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു.

എന്നാൽ എഴുത്തുകാരി സംഘടിപ്പിച്ച പരിപാടിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് പ്രസാധകർ വ്യക്തമാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നു പിന്മാറുകയാണെന്നും ബ്ലൂംസ്‌ബെറി ഇന്ത്യ അറിയിച്ചു.