cinema

 കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഷൂട്ടിംഗിന് വിലക്ക്

ന്യൂഡൽഹി: സ്റ്റുഡിയോകളിലും പുറം ലൊക്കേഷനുകളിലും സിനിമാ, ടിവി നിർമ്മാണമേഖലയിലും പാലിക്കേണ്ട കൊവിഡ് മാർഗരേഖ കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ പുറത്തിറക്കി.കാമറയ്‌ക്ക് മുന്നിലൊഴികെ മാസ്‌‌ക് നിർബന്ധം. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഷൂട്ടിംഗ് പാടില്ല.

മറ്റ് നിയന്ത്രണങ്ങൾ:

 എല്ലാവരും ആരോഗ്യ സേതു ആപ്പ് ഇൻസ്‌റ്റാൾ ചെയ്യണം

 ഷൂട്ടിംഗിന് കുറച്ചുപേർ മാത്രം, സന്ദർശകരും കാഴ്‌ചക്കാരും പാടില്ല.

 ലൊക്കേഷനിൽ ആറടി അകലം. പാർക്കിംഗ് സ്ഥലത്തുൾപ്പെടെ തിരക്ക് പാടില്ല

 കവാടത്തിലും ലൊക്കേഷനിലും സാനിറ്റൈസർ, ഹാൻഡ് വാഷ് . താപനില പരിശോധിക്കണം.

 രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കരുത്

 പ്രായമായവരും ഗർഭിണികളും അസുഖമുള്ളവരും മറ്റുള്ളവരുമായി ഇടപഴകരുത്

 കൂപ്പൺ, ടിക്കറ്റ് വിതരണം പാടില്ല. ക്യൂ ആർ കോഡ്, ഇ-വാലറ്റ് ഉപയോഗിക്കാം

 പൊതു ഇടങ്ങൾ അണുവിമുക്തമാക്കണം

 പരസ്യമായി തുപ്പരുത്. തുമ്മുമ്പോഴും മൂക്കു ചീറ്റുമ്പോഴും മുഖം പൊത്തണം

 വിഗ്, മേക്കപ്പ് സാധനങ്ങൾ പങ്കിടരുത്. മേക്കപ്പ് ആർട്ടിസ്‌‌‌റ്റ്, ഹെയർ സ്‌റ്റൈലിസ്‌റ്റ് തുടങ്ങിയവർക്ക് പി.പി.ഇ കിറ്റ് നിർബന്ധം.

 പൊതു ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് കൈയ്യുറ നിർബന്ധം.

 കൊവിഡ് പ്രതിരോധ പോസ്‌റ്ററുകൾ പ്രദർശിപ്പിക്കണം

മീഡിയ പ്രൊഡക്‌ഷൻ

 ലൊക്കേഷനുകൾക്കും മറ്റ് ജോലികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ.

 ഷൂട്ടിംഗ് സ്ഥലം, അംഗങ്ങൾക്കുള്ള ഇടം, കാമറ വയ്‌ക്കുന്ന സ്ഥലം തുടങ്ങിയവ മുൻകൂട്ടി നിശ്ചയിക്കണം.

 സ്‌റ്റുഡിയോകളിൽ ഓരോ നിർമ്മാണ കമ്പനിക്കും ഓരോ സമയം.ഭക്ഷണ സമയവും വ്യത്യസ്തം. ഭക്ഷണ സമയവും ഇരിപ്പിടവും മുൻകൂട്ടി നിശ്‌ചയിക്കണം.

 സെറ്റുകൾ, കഫറ്റീരിയ, മേക്കപ്പ് റൂം, എഡിറ്റ് റൂം, വാനിറ്റി വാനുകൾ, ശൗചാലയങ്ങൾ,കാമറ തുടങ്ങിയവ അണുവിമുക്തമാക്കണം.

 ശരീരത്തിൽ ഘടിപ്പിക്കുന്ന ലാപ്പൽ മൈക്കുകൾ ഒഴിവാക്കുക. ഉപയോഗിക്കുന്നെങ്കിൽ പങ്കിടൽ പാടില്ല. മൈക്കിന്റെ ഡയഫ്രവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

സൂപ്പർവൈസർക്ക്

പ്രത്യേക ചുമതല

കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ, അഭിനേതാക്കളുടെയും ലൊക്കേഷൻ അംഗങ്ങളുടെയും മെഡിക്കൽ, യാത്രാ, ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തൽ, തൊട്ടടുത്ത കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പട്ടികയും ക്വാറന്റൈൻ സൗകര്യവും തയ്യാറാക്കൽ, ആരോഗ്യ പ്രവർത്തരുമായി ബന്ധപ്പെടൽ