musthakim

ചാവേർ ജാക്കറ്റും ബോംബ് ബെൽറ്റും കണ്ടെടുത്തു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐസിസ് ഭീകരൻ അബു യൂസഫ് എന്നറിയപ്പെടുന്ന മുഹമ്മദ് മുസ്‌താകീം ഖാന്റെ ഉത്തർപ്രദേശിലെ വീട്ടിൽ നിന്ന് വൻസ്ഫോടകവസ്തുശേഖരം ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം കണ്ടെത്തി.

ഒൻപത് കിലോ വെടിമരുന്ന്, രണ്ട് ചാവേർ ജാക്കറ്റുകൾ, ഒരു ബോംബ് ബെൽറ്റ്, ടൈമർ, നാല് ബാറ്ററികൾ, ഐസിസ് പതാക, ഷൂട്ടിംഗ് പരിശീലനം നടത്തിയ ബോർഡ് തുടങ്ങിയവയാണ് ബ?​റാംപുരിലെ ബാധിയ ബായ്സാഹി ഗ്രാമത്തിലെ വീട്ടിൽ കണ്ടെത്തിയത്. യൂസഫുമായി ഗ്രാമത്തിലെ വിവിധയിടങ്ങളിൽ പൊലീസ് തെളിവെടുത്തു. വീട്ടിൽ വെടിമരുന്നും മറ്റ് സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്നതായും താൻ തടയാൻ ശ്രമിച്ചിരുന്നെന്നും ഭാര്യ പറഞ്ഞു. തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് യുസഫിന്റെ പിതാവ് വ്യക്തമാക്കി. യൂസഫ് നല്ല വ്യക്തിയായിരുന്നു. ഭീകരപ്രവർത്തനം നടത്തിയെന്ന് ചിന്തിക്കാനാകുന്നില്ലെന്നും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഐസിസ് ഭീകരൻ യൂസഫ് അൽ ഹിന്ദിയുടെ കീഴിലായിരുന്നു ആദ്യം അബു യൂസഫെന്ന് പൊലീസ് പറയുന്നു. 2017ൽ സിറിയയിൽ വച്ച് യൂസഫ് അൽ ഹിന്ദി കൊല്ലപ്പെട്ടു. പിന്നീട് പാകിസ്ഥാൻ സ്വദേശി അബു ഹുസൈഫ അൽ ബക്കിസ്ഥാനിയാണ് ഇയാളെ നയിച്ചത്. അബു ഹുസൈഫ ജൂലായിൽ അഫ്ഗാനിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രഷ‌ർകുക്കർ ബോംബ് നിർമ്മിക്കും മുൻപ് ഗ്രാമത്തിൽ ഐ.ഇ.ഡി പരീക്ഷണം അബു യൂസഫ് നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 11.30ഓടെ ഡൽഹിയിൽ കരോൾ ബാഗിനും ദൗളാകുവാമിനും ഇടയിലുള്ള റിഡ്ജ് റോഡ് പ്രദേശത്ത് നിന്നാണ് രണ്ട് പ്രഷർകുക്ക് ബോംബ് സഹിതം അബു യൂസഫിനെ പിടികൂടിയത്. ആഗസ്റ്റ് 22 വരെ ഡൽഹികോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.