ന്യൂഡൽഹി: സ്ഥിരം നേതൃത്വമില്ലാതെ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതുകയും ഇടക്കാല അദ്ധ്യക്ഷയായി തുടരാനില്ലെന്ന് സോണിയ അറിയിക്കുകയും ചെയ്തതോടെ നടുക്കടലിൽ തുഴ നഷ്ടമായ നിലയിൽ കോൺഗ്രസ്. അദ്ധ്യക്ഷ പദവിയിൽ തീരുമാനമെടുക്കാൻ പ്രവർത്തക സമിതി ഇന്ന് യോഗം ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങളും പൊട്ടിത്തെറിയും.
നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർത്തി മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 നേതാക്കൾ ചേർന്ന് കത്തു നൽകിയതിനു പിന്നാലെയാണ്, അതിലെ നീരസം വ്യക്തമാക്കി ഇന്നലെ വൈകിട്ട് സോണിയയുടെ നാടകീയമായ അറിയിപ്പുണ്ടായത്. അതിനിടെ, നേതാക്കളുടെ കത്ത് അനവസരത്തിലായെന്നു ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം നേതാക്കൾ കൂടി രംഗത്തെത്തിയത് പാർട്ടിയിൽ പുതിയ ചേരിതിരിവിനും പടലപ്പിണക്കത്തിനും വഴിമരുന്നിടുകയും ചെയ്തു.
സ്ഥിരം സംവിധാനമുണ്ടാകുംവരെ തുടരാൻ പ്രവർത്തക സമിതി സോണിയയോട് അഭ്യർത്ഥിച്ചേക്കുമെങ്കിലും അവർ സ്വീകരിക്കുമെന്ന് തീർച്ചയില്ലാത്ത സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിഷമഘട്ടമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. നേതൃത്വത്തിലെ അനിശ്ചിതാവസ്ഥ പാർട്ടിയെ ദുർബലമാക്കിയെന്നും തിരഞ്ഞെടുപ്പു പരാജയങ്ങൾക്കും വോട്ട് ബാങ്ക് ചോർച്ചയ്ക്കും ഇതു കാരണമായെന്നും ആരോപിക്കുന്നതാണ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, മുകുകൾ വാസ്നിക് തുടങ്ങിയ നേതാക്കൾ ഒപ്പിട്ട കത്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി കൈവരിച്ച വളർച്ച കണ്ടില്ലെന്നു നടിക്കാനാകില്ലെന്നു പറയുന്ന കത്ത്, അതിനെ പ്രതിരോധിക്കാൻ നേതൃത്വം ഒന്നും ചെയ്തില്ലെന്ന് കുറ്രപ്പെടുത്തുന്നു.
കേരളത്തിൽ നിന്ന് ശശി തരൂർ എം.പിയും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യനും കൂടി ഒപ്പിട്ട കത്തിലെ ഉള്ളടക്കം പുറത്തായതിൽ സോണിയയ്ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന. നേതൃസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് പ്രവർത്തക സമിതിക്കു മുൻപുതന്നെ സോണിയ നിലപാട് വ്യക്തമാക്കിയതും, പകരം സംവിധാനത്തെക്കുറിച്ച് മിണ്ടാതിരുന്നതും ഈ നീരസം കാരണമെന്നാണ് കരുതപ്പെടുന്നത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തോൽവിയെ തുടർന്നാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷസ്ഥാനം രാജിവച്ചത്. അതിനു പിന്നാലെ, മേയ് മാസത്തിൽ ഇടക്കാല അദ്ധ്യക്ഷയായി ഒരു വർഷത്തേക്ക് നിയോഗിക്കപ്പെട്ട സോണിയയുടെ കാലാവധി ഇക്കഴിഞ്ഞ 10 ന് പൂർത്തിയായിരുന്നു.
കത്തിലെ പ്രധാന ആവശ്യങ്ങൾ:
കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ഥിരം അദ്ധ്യക്ഷനെ ഉടനെ വേണം
അധികാര വികേന്ദ്രീകരണവും സുതാര്യമായ തിരഞ്ഞെടുപ്പും
സംസ്ഥാന ഘടകങ്ങൾക്കും മുഴുവൻ സമയ അദ്ധ്യക്ഷന്മാർ വേണം
പി.സി.സി അദ്ധ്യക്ഷന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യവും അധികാരവും
പുറത്തുനിന്ന്
ആൾ വരട്ടെ
പാർട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ല. രാഹുലിന് ചെറുപ്പത്തിന്റെ പരിചയക്കുറവുണ്ട്. ഒരു ഇന്നിംഗ്സിൽ പരാജയപ്പെട്ടെന്നു കരുതി പിന്മാറേണ്ടതില്ല. സോണിയയയോ രാഹുലോ പ്രിയങ്കയോ വരുന്നില്ലെങ്കിൽ പുറത്തുനിന്ന് ആളെ കൊണ്ടുവരണം.
- പി.ജെ. കുര്യൻ
അതിയായ ആഗ്രഹവും പ്രചോദനവും ഉൾക്കൊണ്ടില്ലെങ്കിൽ താഴെത്തട്ടിലേക്ക് തള്ളപ്പെടും. എല്ലാവരും പഴമയുടെ തടവുകാരാണെന്നും അതിന്റെ തടസങ്ങൾ നമ്മളുടെ ഭാഗമാണെന്നുമുള്ള ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓർക്കണം.
-ശശി തരൂർ എം.പി.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ഒരിക്കലും ശരിയല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിവേദികളിൽ രേഖപ്പെടുത്താനുള്ള എല്ലാ സ്വാതന്ത്ര്യവും നേതാക്കൾക്കുണ്ട്.
- മുല്ലപ്പള്ളി രാമചന്ദ്രൻ.
കെ.പി.സി.സി പ്രസിഡന്റ്