വർഷാവസാനത്തോടെ തദ്ദേശീയമായി വാക്സിൻ പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പ്രതിദിന രോഗികൾ എഴുപതിനായിരം കടന്നു. ശനിയാഴ്ച 70,067 പുതിയ രോഗികളും 918 മരണവും. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇന്ത്യയിലാണ്. ശനിയാഴ്ച 43,829 കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 46,210 പേർ ബ്രസീലിൽ പുതുതായി രോഗബാധയുണ്ടായത്.
രാജ്യത്ത് ആകെ രോഗികൾ 31 ലക്ഷം കടന്നു. മരണം 57,000 പിന്നിട്ടു. വർഷാവസാനത്തോടെ ഇന്ത്യയിൽ തദ്ദേശീയമായി കൊവിഡ് വാക്‌സിൻ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു.
ഇന്ത്യയിലെ തദ്ദേശീയ കൊവിഡ് വാക്‌സിനുകളിലൊന്ന് മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി റിപ്പോർട്ട്. അതേസമയം 73 ദിവസത്തിനുള്ളിൽ കൊവിഡ് വാക്‌സിൻ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ തള്ളി.
കൊവിഡ് പരിശോധനകളുടെ എണ്ണം 3.5 കോടി പിന്നിട്ടു.
രോഗമുക്തി 75 ശതമാനത്തോടടുത്തു. മരണം 1.86 ശതമാനമായി കുറഞ്ഞു.
ജാർഖണ്ഡ് കൃഷിമന്ത്രി ബാദൽ പത്രലേഖിനും പഞ്ചാബിൽ ജയിൽ മന്ത്രി സുഖ്ജിന്ദർ സിംഗ് രന്ദാവയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിൽ 5975 പുതിയ രോഗികൾ. 97 മരണവും.
ഡൽഹിയിൽ ആകെ കേസുകൾ 1.61 ലക്ഷം കടന്നു. മരണം 4300. പുതുതായി 1450 രോഗികളും 16 മരണവും.
തെലങ്കാനയിൽ കൊവിഡ് പരിശോധന ഉയർത്തണമെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി
ഡൽഹിയിൽ മെട്രോ സർവീസ് ഘട്ടം ഘട്ടമായി തുറക്കണമെന്ന് സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു
മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രിക്കും കൊവിഡ്
ന്യൂഡൽഹി: മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയെ കൂടാതെ മദ്ധ്യപ്രദേശിൽ കൊവിഡ് ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി. പൊതുമരാമത്ത് മന്ത്രി ഗോപാൽ ഭാർഗവ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്, സഹകരണമന്ത്രി അർവിന്ദ് ബദൂരിയ, ജലവിഭവ മന്ത്രി തുൾസിറാം സിൽവാത്ത്, ഉന്നതവിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ്, പിന്നാക്കവിഭാഗ സഹമന്ത്രി രാംഖേൽവാൻ പട്ടേൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലായ് 25നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റിൽ രോഗമുക്തി നേടി ആശുപത്രിവിട്ടു.