ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസും നോമിനേറ്റഡ് രാജ്യസഭാംഗവുമായ ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയെ ബി.ജെ.പി അടുത്ത അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി. എന്നാൽ ഇതു നിഷേധിച്ച് ബി.ജെ.പി ഘടകം രംഗത്തെത്തിയിട്ടുണ്ട്.
രാമക്ഷേത്രത്തിന് അനുകൂല വിധി പുറപ്പെടുവിച്ച രഞ്ജൻ ഗോഗോയിയെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് വിവരം ലഭിച്ചെന്നാണ് തരുൺ ഗോഗോയ് പറഞ്ഞത്. രാജ്യസഭാംഗത്വം സ്വീകരിക്കാൻ മനസുകാട്ടിയ രഞ്ജൻ ഗോഗോയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവും നിരസിക്കാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷനിലോ മറ്റോ ചേരുന്നതിന് പകരം രാജ്യസഭാ എം.പിയായ രഞ്ജൻ ഗോഗോയിക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും തരുൺ ഗോഗോയ് വിശദീകരിച്ചു.
എന്നാൽ തരുൺ ഗോഗോയിയുടെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി അസാം അദ്ധ്യക്ഷൻ രഞ്ജീത് കുമാർ ദാസ് പറഞ്ഞു. പ്രായമാകുമ്പോൾ അബദ്ധങ്ങൾ പറയുക സാധാരണമാണെങ്കിലും ഒരു മുൻമുഖ്യമന്ത്രിയിൽ നിന്ന് ഇത്തരം പ്രസ്‌താവന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ ഞാൻ രാഷ്ട്രീയക്കാരനല്ല. രാഷ്‌ട്രീയ ലക്ഷ്യങ്ങളുമില്ല. അസാം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. വാർത്തകൾ അടിസ്ഥാന രഹിതം.
-ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്