lake

ന്യൂഡൽഹി: വടക്കൻ ലഡാക് അതിർത്തിയിലെ പാംഗോഗ് തടാകക്കരയിലെ ഫിംഗർപോയിന്റ് പ്രദേശങ്ങളിൽ നിന്ന് ഇരു പക്ഷവും തുല്യമായി സൈന്യങ്ങളെ പിൻവലിക്കണമെന്ന ചൈനയുടെ നിർദ്ദേശം ഇന്ത്യ തള്ളി. ഇന്ത്യ നിയന്ത്രണ രേഖയായി കരുതുന്ന ഫിംഗർ എട്ടിൽ നിന്ന് അഞ്ചുകിലോമീറ്റർ ഉള്ളിലായാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

മേയിൽ ഫിംഗർ നാലുവരെ കടന്നുകയറി ടെന്റുകളും മറ്റും സ്ഥാപിച്ചിരുന്ന ചൈന പിന്നെ ചർച്ചകളെ തുടർന്ന് അല്പം പിൻവാങ്ങിയിരുന്നു. ഇതിന് ആനുപാതികമായി പിൻവാങ്ങണമെന്ന ആവശ്യമാണ് ഇന്ത്യ തള്ളിയത്. മുമ്പ് തങ്ങളുടെ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന ഫിംഗർ എട്ടുവരെയുള്ള പ്രദേശം സ്വതന്ത്രമാക്കണമെന്നും അതിനു ശേഷം ചർച്ചയാകാമെന്നും ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കമുള്ള സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.