bhu

ആത്മാർത്ഥമല്ലാത്ത ക്ഷമാപണം മനഃസാക്ഷിയ്ക്ക് അധിക്ഷേപം

ന്യൂഡൽഹി: സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമർശിച്ച രണ്ട് ട്വീറ്റുകളുമായി ബന്ധപ്പെട്ട ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

തന്റെ പ്രസ്താവന പിൻവലിച്ച്, ആത്മാർത്ഥമല്ലാതെ ക്ഷമ ചോദിക്കുന്നത് സ്വന്തം മനഃസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് സമർപ്പിച്ച രണ്ട് പേജിലുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.

ആഗസ്റ്റ് 20ലെ വിധി ന്യായം വല്ലാതെ നിരാശപ്പെടുത്തിയെന്ന് തുടങ്ങുന്നതാണ് പ്രസ്താവന. മൗലികാവകാശങ്ങളും, ഭരണഘടനയിൽ അധിഷ്ഠിതമായ ജനാധിപത്യവും സംരക്ഷിക്കാൻ അവസാന പ്രതീക്ഷയും അഭയകേന്ദ്രവുമാണ് സുപ്രീംകോടതി. രാജ്യം വിഷമസന്ധിയിലൂടെ കടന്നു പോകുമ്പോൾ നിയമവ്യവസ്ഥ ഉറപ്പാക്കാൻ ജനങ്ങൾക്ക് ആശ്രയം ഉന്നത ജുഡിഷ്യറിയാണ്. വഴി തെറ്റുന്നുവെന്ന് കണ്ടാൽ അത് ചൂണ്ടിക്കാണിക്കേണ്ടത് അഭിഭാഷകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ്. ക്രിയാത്മകമായ വിമർശനമാണ് ഉന്നയിച്ചത്. ജുഡിഷ്യറിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസുമാരെയോ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ട്വീറ്റുകൾ. സദുദ്ദേശ്യത്തോടെ പോസ്റ്റ് ചെയ്ത അവ തന്റെ ബോദ്ധ്യങ്ങളെ പ്രതിനിധീകരിക്കുന്നു.

ആത്മാർത്ഥമായി പശ്ചാത്തപിച്ചാണ് ക്ഷമ ചോദിക്കേണ്ടത്. ആത്മാർത്ഥയില്ലാതെ മാപ്പ് ചോദിക്കുന്നതും ഞാൻ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിൻവലിക്കുന്നതും എന്റെ മനഃസാക്ഷിയേയും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന സ്ഥാപനത്തെയും (സുപ്രീംകോടതി) അവഹേളിക്കുന്നതിന് തുല്യമാകും. മാപ്പ് പറയാൻ തക്ക പ്രവൃത്തികൾ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പൂർണ്ണ ബോദ്ധ്യമുണ്ടെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. അതേസമയം, കേസ് കോടതി നാളെ പരിഗണിക്കും.

സമയം അവസാനിച്ചു

ട്വീറ്റ് ന്യായീകരിച്ച് കഴിഞ്ഞ ദിവസം കോടതിയിൽ പ്രശാന്ത് നടത്തിയ പ്രസ്താവന തിരുത്തുന്നോ എന്ന് ആലോചിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വരെ സമയം നൽകിയിരുന്നു. മാപ്പെഴുതി നൽകാത്ത സാഹചര്യത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപനത്തിലേക്ക് കടന്നേക്കും. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് വിരമിക്കാൻ എട്ട് ദിവസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ വിധി പറയുന്നത് വൈകില്ലെന്നാണ് സൂചന. കോടതി അലക്ഷ്യ നിയമ പ്രകാരം പരമാവധി 6 മാസം വരെ തടവ് ശിക്ഷയോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം.