aicc

ന്യൂഡൽഹി: നേതൃത്വത്തിന്റെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടിയും പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ടും 23 നേതാക്കൾ സോണിയാഗാന്ധിക്ക് അയച്ച കത്തിനെ ചൊല്ലി ഇന്നലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ പൊട്ടിത്തെറി. കത്തെഴുതിയവർ ബി.ജെ.പി അനുകൂലികളാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദിനെയും കപിൽ സിബലിനെയും പ്രകോപിപ്പിച്ചു. ഇരുവരും പരസ്യമായി പ്രതികരിച്ചു. രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജവാർത്തയാണെന്നും പാർട്ടി വിശദീകരിച്ചതിന് പിന്നാലെ ഇരുവരും പ്രസ്‌താവന പിൻവലിച്ചു.

ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും സോണിയാഗാന്ധി അറിയിച്ച വിവരം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിൽ റിപ്പോർട്ടു ചെയ്‌തതിന് ശേഷമാണ് രാഹുൽ ഗാന്ധി വികാരാധീനനായി പ്രതികരിച്ചത്.

രണ്ടാഴ്‌ച മുമ്പ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിച്ച സമയത്താണ് നേതാക്കൾ ഒപ്പിട്ട കത്ത് സോണിയയ്ക്ക് ലഭിച്ചത്. വിഷയം പ്രവർത്തക സമിതിയിൽ പരാമർശിക്കുമെന്ന് ഗുലാം നബി ആസാദിന് ഉറപ്പു നൽകിയിട്ടും ഉള്ളടക്കം ചോർന്നതിലെ അതൃപ്‌തി സോണിയ അടുപ്പമുള്ള നേതാക്കളോട് പ്രകടിപ്പിച്ചിരുന്നു. ആ വികാരമാണ് കടുത്ത വാക്കുകളിൽ രാഹുൽ പ്രകടിപ്പിച്ചത്.

പാർട്ടി രാജസ്ഥാനിൽ പ്രതിസന്ധി നേരിടുകയും സോണിയാ ഗാന്ധി ആശുപത്രിയിലാവുകയും ചെയ്ത സമയത്ത് നേതൃത്വത്തെ ചോദ്യം ചെയ്‌തതിൽ ദുരൂഹതയുണ്ടെന്നും കത്തിൽ ഒപ്പിട്ടവർക്ക് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടെന്നും രാഹുൽ തുറന്നടിച്ചു.

ബി.ജെ.പി ധാരണ തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്‌ക്കുമെന്നാണ് ഗുലാം നബി പ്രതികരിച്ചത്. രാജസ്ഥാൻ ഹൈക്കോടതിയിൽ കേസ് നടത്തിയതും മണിപ്പൂരിൽ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചതും വെറുതെയാണോ എന്നായിരുന്നു ട്വിറ്ററിൽ കപിൽ സിബലിന്റെ ചോദ്യം.

വിഷയം മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതോടെ രാഹുൽ ബി.ജെ.പിയെ ബന്ധിപ്പിച്ച് പരാമർശം നടത്തിയിട്ടില്ലെന്ന് വക്താവ് രൺദീപ് സുർജെവാല വിശദീകരിച്ചു. പിന്നാലെ,രാഹുൽ തന്നെ വിളിച്ചെന്ന് സ്ഥിരീകരിച്ച സിബൽ തന്റെ ട്വീറ്റ് പിൻവലിച്ചു. രാഹുൽ വിമർശിച്ചെന്ന വാർത്ത വ്യാജമാണെന്ന് ഉച്ചയോടെ ഗുലാം നബി ആസാദും നിലപാടെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പിന്തുണയുമായി കത്തുകളും സമൂഹമാദ്ധ്യമങ്ങളിലെ പ്രസ്‌താവനയും പ്രവഹിക്കുകയാണ്.