ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ മോട്ടോർ വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ കേന്ദ്രസർക്കാർ നീട്ടി. നേരത്തെ ഇത് സെപ്തംബർ 30 വരെയായിരുന്നു.
മോട്ടോർ വാഹന നിയമം1988, കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്,പെർമിറ്റ്, ലൈസൻസ്, രജിസ്‌ട്രേഷൻ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീട്ടിയത്. 2020 ഫെബ്രുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ കാലഹരണപ്പെട്ടതും ലോക്ക്ഡൗൺ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും ഡിസംബർ 31 വരെ സാധുവായി എൻഫോഴ്‌സ്‌മെന്റ് അതോറിട്ടികൾ പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ മാർച്ച് 30നും ജൂൺ 9നും മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടിയിരുന്നു.