ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളൊരുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ വിദേശത്തുള്ളവർക്ക് പരീക്ഷയ്ക്കെത്താൻ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യാത്ര ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ക്വാറന്റൈൻ കാലയളവിൽ ഇളവ് ലഭിക്കാൻ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിനെ സമീപിക്കാം. ഖത്തർ കെ.എം.സി.സിയും ഒമ്പത് രക്ഷാകർത്താക്കളുമാണ് ഹർജി സമർപ്പിച്ചത്.
പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള എൻ.ടി.എയും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയും സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്താണ് കോടിതി വിധി. പൊതുജനാരോഗ്യം കണക്കിലെടുക്കുമ്പോൾ ക്വാറന്റൈൻ കാലയളവിൽ ഇളവ് നൽകണമെന്ന് ഉത്തരവിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതിനിടെയാണ് കേരളത്തിലെ കൊവിഡ് സാഹചര്യം ഉയർന്നുവന്നത്. തുടർന്ന് പ്രതിദിനം 2000ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമല്ലേയെന്ന് കോടതി ചോദിച്ചു. കേരളം ഇപ്പോഴാണ് കൊവിഡിന്റെ ആഘാതം അറിയുന്നത്. അതിനാൽ ക്വാറന്റൈനിലെ ഇളവ് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
ഓൺലൈൻ പരിഗണിച്ചൂടെയെന്ന് കോടതി
വിദ്യാർത്ഥികൾക്ക് വരാൻ പറ്റാത്ത സാഹചര്യങ്ങളൊഴിവാക്കാൻ അടുത്തവർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്തണമെന്ന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജോയിന്റ് എൻട്രൻസ് പരീക്ഷ പോലെ അടുത്ത വർഷം മുതൽ നീറ്റും ഓൺലൈനായി നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.