ആറു മാസത്തിനകം എ.ഐ.സി.സി സമ്മേളനം
ന്യൂഡൽഹി: മുഴുവൻ സമയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ എ.ഐ.സി.സി സമ്മേളനം വിളിക്കുന്നതുവരെ സോണിയാ ഗാന്ധി ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. പാർട്ടിയിൽ അടിമുടി മാറ്റമുൾപ്പെടെ 23 നേതാക്കൾ ഉന്നയിച്ച വിഷയങ്ങളിൽ സോണിയ തീരുമാനമെടുക്കും. ആറു മാസത്തിനുള്ളിൽ എ.ഐ.സി.സി സമ്മേളനം വിളിച്ചുചേർക്കാൻ ശ്രമിക്കും.
പാർട്ടിയിൽ മാറ്റം ആവശ്യപ്പെട്ട 23 നേതാക്കളുടെ കത്തും അതിന് മറുപടിയായി ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറാനും പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടുള്ള സോണിയയുടെ കത്തും ചർച്ച ചെയ്ത 7 മണിക്കൂർ നീണ്ട പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള എ.ഐ.സി.സി സമ്മേളനം ചേരുന്നതുവരെ ഇടക്കാല അദ്ധ്യക്ഷസ്ഥാനത്ത് തുടരാൻ പ്രവർത്തക സമിതി സോണിയയോട് ആവശ്യപ്പെട്ടു. സംഘടനാപരമായ മാറ്റങ്ങൾ നിർവഹിക്കാൻ യോഗം സോണിയയെ ചുമതലപ്പെടുത്തി.
ആഭ്യന്തര പ്രശ്‌നങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ച ചെയ്യരുതെന്നും ശരിയായ വേദിയിൽ ഉന്നയിക്കണമെന്നും പ്രമേയം പാസാക്കിയെന്ന് എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടിയെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കില്ല. രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മാത്രമേ അതുപകരിക്കൂ. കൊവിഡ് പ്രതിരോധത്തിനും കേന്ദ്ര സർക്കാരിന് മാർഗനിർദ്ദേശം കാട്ടാനും സോണിയയും രാഹുലും നടത്തിയ ഇടപെടലുകളെ പ്രവർത്തകസമിതി അഭിനന്ദിച്ചു.
കത്തിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവന വിവാദമാകുകയും, അതു ചോദ്യം ചെയ്‌ത് ഗുലാംനബി ആസാദ്, കപിൽ സിബൽ എന്നിവർ രംഗത്തെത്തുകയും ചെയ്തത് യോഗത്തിന് നാടകീയത നൽകി. രാഹുൽ പ്രസ്‌താവന നടത്തിയിട്ടില്ലെന്ന ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ ആസാദും സിബലും മലക്കം മറിഞ്ഞു.
സോണിയയെ പിന്തിരിപ്പിച്ച് മൻമോഹനും ആന്റണിയും
വീഡിയോ കോൺഫറൻസ് വഴി ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് വരെ നീണ്ട യോഗത്തിൽ വിവാദ കത്തായിരുന്നു പ്രധാന ചർച്ചാവിഷയം. ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് സോണിയ പറഞ്ഞെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും മുതിർന്ന നേതാവ് എ.കെ.ആന്റണിയും എതിർത്തു. നേതൃത്വത്തെ ചോദ്യം ചെയ്യുന്ന കത്തിനെ പൂർണമായി തള്ളണമെന്നും ഇരുവരും പറഞ്ഞു.
കത്തയച്ച കോൺIഗ്രസ് നേതാക്കൾ യോഗം ചേർന്നു
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റവും പരിഷ്കാരവും ആവശ്യപ്പെട്ട് കത്തെഴുതിയ മുതിർന്ന നേതാക്കൾ പ്രവർത്തക സമിതി യോഗത്തിനു ശേഷം ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നു. കത്തിൽ ഒപ്പിട്ട കപിൽ സിബൽ, ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തീവാരി, മുകുൾ വാസ്നിക്ക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
നേതൃത്വത്തെ ചോദ്യം ചെയ്‌ത കത്ത് വിഷമിപ്പിച്ചു. എന്നാൽ കോൺഗ്രസ് വലിയ കുടുംബമാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതിനാൽ കത്തിന്റെ കാര്യം ഞാൻ മറക്കുകയാണ്
- പ്രവർത്തക സമിതിയിൽ സോണിയാ ഗാന്ധി