neet

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ സെപ്തംബറിൽ നടക്കുന്ന ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഞായാറാഴ്ച 4,000ത്തോളം വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിരാഹാര സമരം നടത്തി. പരീക്ഷ നീട്ടിവയ്ക്കണം എന്ന ഹാ‌ഷ്‌ടാഗിൽ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ സമരത്തിന്റെ ഫോട്ടോ പങ്കുവച്ചു.

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ വേറിട്ട പ്രതിഷേധം നടത്തിയത്.

യു.ജി.സി നെറ്റ്, ഡൽഹി സർവകലാശാല, ഐസർ പ്രവേശന പരീക്ഷകളും, ക്ലാറ്റ് പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 7 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത് ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപിക്കാത്ത നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല. ഇക്കൊല്ലം സീറോ അക്കാഡമിക് ഇയർ ആയി പ്രഖ്യാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ഏറ്റെടുത്ത് ജനപ്രതിനിധികളും

വിദ്യാർത്ഥികളുടെ മൻ കി ബാത്ത് കേൾക്കാൻ സർക്കാർ തയാറാകണമെന്നും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയും സമാന ആവശ്യവുമായി രംഗത്തെത്തി. അതേസമയം, പരീക്ഷയുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിയുടേയും മെഡിക്കൽ കൗൺസിൽ, യു.ജി.സി തുടങ്ങിയവരുടേയും നിലപാട്.