ന്യൂഡൽഹി: ജനങ്ങളെ സംബന്ധിച്ചിടത്തോളം അവസാനത്തെ ആശ്രയമാണ് സുപ്രീംകോടതിയെന്നും അതും നഷ്ടമാവുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവക്കുഴിയിൽ വീഴുന്ന അവസാനത്തെ മണ്ണായിരിക്കുമെന്നും കവി കെ.സച്ചിദാനന്ദൻ.
പ്രശാന്ത് ഭൂഷൺ സോളിഡാരിറ്റി ഫോറത്തിന്റെ ഓൺലൈൻ ഐക്യദാർഢ്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന തകർക്കാനുള്ള ശ്രമങ്ങൾ രാമജന്മഭൂമി പ്രക്ഷോഭകാലത്ത് തുടങ്ങിയതാണെന്ന് സാമൂഹ്യപ്രവർത്തക ഷബ്‌നം ഹശ്മി അഭിപ്രായപ്പെട്ടു. വിമർശനവും അഭിപ്രായപ്രകടനവും ജനാധിപത്യത്തിന്റെ പ്രാണനാണെന്ന് എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഒരേ കൊടിയുടെ കീഴിൽ അണിനിരക്കുന്ന വ്യക്തികളാണ് ഭൂഷൺ കേസിൽ കോടതിക്ക് അനുകൂലമായി സംസാരിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകൻ പി.വി. ദിനേശ് പറഞ്ഞു. സോളിഡാരിറ്റി ഫോറം കൺവീനർ പി.വി.ഷെബി മോഡറേറ്ററായി. സി.പി.എം മുൻകേന്ദ്രകമ്മിറ്റിയംഗം സുനീത് ചോപ്ര, ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അമൽ പുല്ലാർക്കാട്ട് എന്നിവരും സംസാരിച്ചു.