ഉപദേശക സമിതിയിലെ റിട്ട. ഹൈക്കോടതി ജഡ്ജി മലയാളി ആയിരിക്കും
ട്രസ്റ്റി രാമവർമ്മയുടെ ആവശ്യങ്ങൾ സുപ്രീംകോടതി അംഗീകരിച്ചു
പുതിയ എക്സിക്യൂട്ടിവ് ഓഫീസറെ പുതിയ ഭരണസമിതി നിയമിക്കും
ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവർത്തനസജ്ജമാകാൻ സുപ്രീംകോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു.
ഉപദേശക സമിതി അദ്ധ്യക്ഷനാകുന്ന റിട്ട. ഹൈക്കോടതി ജഡ്ജി മലയാളി ആയിരിക്കണമെന്നും ഭരണ സമിതി അദ്ധ്യക്ഷനാകേണ്ട തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ, ഹിന്ദുവായ മുതിർന്ന അഡിഷണൽ ജില്ലാ ജഡ്ജിക്ക് ചുമതല നൽകണമെന്നുമുള്ള ക്ഷേത്രം ട്രസ്റ്റി രാമവർമയുടെ അപേക്ഷയും കോടതി അനുവദിച്ചു. ഉപദേശക സമിതിയിലേക്ക് വരുന്ന റിട്ടയേഡ് ഹൈക്കോടതി ജഡ്ജി മലയാളിയല്ലെങ്കിൽ കേരളീയമായ ആചാരങ്ങളെ കുറിച്ച് ധാരണക്കുറവുണ്ടാകുമെന്ന ഹർജിയിലെ വാദം കോടതി അംഗീകരിച്ചു.
ജില്ലാ ജഡ്‌ജിയുടെ അദ്ധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമായിരിക്കും. പുതിയ ഭരണസമിതിക്ക് പുതിയ എക്‌സിക്യൂട്ടീവ് ഓഫീസറെ നിശ്ചയിക്കാമെന്നും കോടതി അറിയിച്ചു.
ക്ഷേത്രത്തിന്റെ ഭരണച്ചുമതല പുതിയ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമവർമ്മ സമർപ്പിച്ച സത്യവാങ്‌മൂലവും കോടതി അംഗീകരിച്ചു. കോടതി നിർദ്ദേശ പ്രകാരമുള്ള സത്യവാങ്‌മൂലത്തോട് എതിർപ്പ് ഇല്ലെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കോൺസൽ ജി പ്രകാശും കോടതിയെ അറിയിച്ചു.
ഹർജിയിൽ കൃത്യമായ വിധിയിലെത്തിച്ചേരാൻ സാധിച്ചതിൽ അഭിഭാഷകരെ കോടതി പ്രശംസിച്ചു.
@വലിയ ചെലവുകൾ
ട്രസ്റ്റി അനുവദിക്കണം
ട്രസ്റ്റിയുടെ മുൻകൂർ അനുമതി ഇല്ലാതെ മാസം 15 ലക്ഷത്തിൽ കൂടുതൽ ചെലവാക്കാൻ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഒരു കോടിയിൽ അധികം ചെലവുള്ള കാര്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധമായിരിക്കും. ക്ഷേത്രഭരണത്തെ കുറിച്ച് പരാതി ഉണ്ടെങ്കിൽ അക്കാര്യത്തിലുള്ള നിർദ്ദേശം ട്രസ്റ്റി ഭരണസമിതിക്ക് നൽകണം. ആ നിർദേശങ്ങൾ നടപ്പാക്കണം എന്നും ട്രസ്റ്റിക്ക് ആവശ്യപ്പെടാം.
രാമ വർമ്മയ്ക്ക് വേണ്ടി അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാലും ശ്യാം മോഹനും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശന് വേണ്ടി വെങ്കിട്ട സുബ്രഹ്മണ്യവും ഹാജരായി.
വി. രതീശൻ അപേക്ഷ പിൻവലിച്ചു
എക്‌സിക്യൂട്ടീവ് ഓഫീസർ പദവി ഒഴിയാൻ അനുമതി തേടിയും തനിക്ക് എതിരായ കേസുകൾ റദ്ദാക്കാനും വി. രതീശൻ നൽകിയ അപേക്ഷ പിൻവലിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ രതീശന്റെ പ്രവർത്തനങ്ങളെ കോടതി അഭിനന്ദിച്ചു.