sc

ന്യൂഡൽഹി: 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരാണെന്ന് പറഞ്ഞ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യകേസിന്റെ വാദം മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഉത്തരവായി.

ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബി.ആർ.ഗവായ്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കഴിഞ്ഞ 11വർഷവും കേസ് പരിഗണിച്ചത്.

കേസിൽ വിശദമായി വാദം കേൾക്കേണ്ടതിനുള്ള സമയമില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. സെപ്തംബർ രണ്ടിന് ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുകയാണ്. പുതിയ ബെഞ്ച് കേസ് സെപ്തംബർ 10ന് കേസ് പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു.

കേസിൽ അറ്റോർണി ജനറലിന്റെ വാദം കേൾക്കുന്നതിനൊപ്പം അമിക്കസ്‌ക്യൂറിയെ നിയമിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത് കോടതി അലക്ഷ്യമായാലും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.

കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിപ്പേരും അഴിമതിക്കാരാണെന്നാണ് പ്രശാന്ത് ഭൂഷൺ 2009ലെ അഭിമുഖത്തിൽ പറഞ്ഞത്. അതിന് തന്റെ കൈയിൽ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് 2009 നവംബർ 6ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ഉൾപ്പെട്ട ബെഞ്ചിന് പരാതി നൽകിയത്. ശേഷം അരുൺമിശ്രയുടെ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു.