കേസ് വിധി പറയാൻ മാറ്റി
ന്യൂഡൽഹി: സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ച് ട്വീറ്റിട്ടതിന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എതിരായുള്ള കോടതിയക്ഷ്യകേസിൽ വാദത്തിലുടനീളം മാപ്പ് പറയാൻ കോടതി ആവശ്യപ്പെട്ടിട്ടും പറയില്ലെന്ന നിലപാടിൽ ഉറച്ച് ഭൂഷൺ. കോടതിയലക്ഷ്യകേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭൂഷണിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ചാണ് സുപ്രീംകോടതിയിൽ വാദം നടന്നത്.
ഇന്നലെ മണിക്കൂറുകൾ നീണ്ട അന്തിമ വാദത്തിനിടെ മാപ്പ് പറയാൻ അരമണിക്കൂർ സമയം അനുവദിച്ചിട്ടും ഭൂഷൺ നിലപാട് മാറ്റിയില്ല. കേസ് വിധിപറയാൻ മാറ്റി. സെപ്തംബർ രണ്ടിന് മുമ്പ് ശിക്ഷ പ്രഖ്യാപിക്കുമെന്നാണ് സൂചന.
2020 ജൂൺ 27നും 29നും ഭൂഷൺ നടത്തിയ രണ്ട് ട്വീറ്റുകളുടെ പേരിലാണ് അദ്ദേഹത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തത്. ആഗസ്റ്റ് 20ന് കുറ്റക്കാരനാണെന്ന് വിധിക്കുകയും മാപ്പ് പറയാൻ 24 വരെ സമയം അനുവദിക്കുകയും ചെയ്‌തിരുന്നു.
മാപ്പ് പറഞ്ഞാലെന്താണ്?
പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനകളും വിശദീകരണവും വേദനാജനകമെന്ന് ജസ്റ്റിസ് അരുൺമിശ്ര അഭിപ്രായപ്പെട്ടു.
'30 വർഷത്തെ പരിചയ സമ്പത്തുള്ള പ്രശാന്ത് ഭൂഷണിനെപോലെയുള്ള മുതിർന്ന അഭിഭാഷകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാറ്റിനും മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് പോകുന്നത് തെറ്റാണ്. അത്തരം നീക്കങ്ങൾ ലക്ഷ്യങ്ങളെ സാധൂകരിക്കില്ല. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിൽ എന്ത് തെറ്റാണുള്ളത്. മഹാത്മാഗാന്ധിപോലും മാപ്പ് പറഞ്ഞിട്ടുണ്ട്. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാൻ കഴിയുന്ന വാക്കാണ്. ജഡ്ജിമാരെ ആര് സംരക്ഷിക്കും. വിരമിച്ച ശേഷം ഇത്തരം വിമർശനങ്ങൾ താനും കേൾക്കണം എന്നാണോ. എത്രകാലം ഇതൊക്കെ സഹിച്ച് ജഡ്ജിമാർക്കുംകോടതിക്കും മുന്നോട്ടുപോകാനാകും?"- അരുൺ മിശ്ര ചോദിച്ചു.
പ്രശാന്ത് കടമ നിർവഹിച്ചു: ധവാൻ
കോടതിയോടുള്ള ഉത്തരവാദിത്വമാണ് പ്രശാന്ത് ഭൂഷൺ നിർവഹിച്ചതെന്ന് പ്രശാന്തിന് വേണ്ടി ഹാജരായ രാജീവ് ധവാൻ വാദിച്ചു.
'കോടതിയോട് പ്രശാന്ത് ഭൂഷൺ ബഹുമാനക്കുറവ് കാണിച്ചിട്ടില്ല. വിമർശനങ്ങൾക്ക് അതീതമല്ല കോടതി. ക്രിയാത്മകമായ വിമർശനങ്ങൾ കോടതിയെ സഹായിക്കുകയേയുള്ളൂ. ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ലോകുർ എന്നിവരുടെ പ്രവൃത്തിയും കോടതിയലക്ഷ്യമായിരുന്നു."
പ്രശാന്ത് ഭൂഷണിന് എന്ത് ശിക്ഷ നൽകണമെന്ന് ജസ്റ്റിസ്, രാജീവ് ധവാനോട് ചോദിച്ചു. ജയിലിലേക്ക് അയച്ച് ഭൂഷണിനെ രക്തസാക്ഷിയാക്കരുതെന്ന് രാജീവ് ധവാൻ പറഞ്ഞു.
ഭൂഷണിനായി വാദിച്ച് എ.ജിയും
കോടതിയലക്ഷ്യകേസിൽ ഭൂഷണിന് വൻ പിന്തുണയാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയിൽ നൽകിയത്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നൽകാമെന്നും എ.ജി പറഞ്ഞു.
'കോടതി അനുകമ്പാപൂർണമായ നിലപാട് സ്വീകരിക്കണം. അത് കോടതിയുടെ അന്തസ് ഉയർത്തും. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പൊതുതാത്പര്യ ഹർജികളുമായി എത്തിയിട്ടുള്ളയാളാണ് പ്രശാന്ത് ഭൂഷൺ. അദ്ദേഹത്തിന്റെ പൊതു പ്രവർത്തനം കണക്കിലെടുക്കണം. ഭൂഷന്റെ പ്രസ്താവനരേഖകളിൽ നിന്ന് നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണം."
എന്നാൽ മാപ്പ് പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്ത് കാര്യമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രചോദിച്ചത്. തെറ്റ് ആവർത്തിക്കുമോ ഇല്ലയോ എന്ന് പ്രശാന്ത് ഭൂഷൺ തന്നെ പറയട്ടെയെന്നും നിരവധിമോശം പരാമർശങ്ങൾ ഭൂഷൺ കോടതിക്കെതിരെ നടത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.