ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഇന്നലെ 66,550 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഒരു ദിവസത്തെ ഏറ്റവുമുയർന്ന രോഗമുക്തിനിരക്കാണിത്. ആകെ രോഗമുക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു (24,04,585).
ഇന്നലെ രാജ്യത്തെ പുതിയ രോഗികളുടെ (61,408) എണ്ണത്തേക്കാൾ കൂടുതലാണ് രോഗമുക്തരുടെ (66,550)
നിരക്ക്. ഇതുവരെയുള്ള ഏറ്റവും വലിയ വ്യത്യാസമാണിത്.
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 75.92 ശതമാനമായി വർദ്ധിച്ചതായി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇതോടെ സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും (7,04,348) തമ്മിലുള്ള അന്തരം 17 ലക്ഷം കവിഞ്ഞു. നിലവിലുള്ള രോഗികളുടെ 3.41 മടങ്ങാണ് രോഗമുക്തർ. കഴിഞ്ഞ 25 ദിവസങ്ങളിൽ രോഗമുക്തിയിൽ 100 ശതമാനത്തിലധികം വർദ്ധനയുണ്ടായി. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇത് പ്രതീക്ഷ ഉണർത്തുന്നു.
ആകെ രോഗികളുടെ 22.24 ശതമാനം മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്. മരണനിരക്ക് 1.84 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് പരിശോധനകളുടെ എണ്ണം കൊവിഡ് റിപ്പോർട്ട് ചെയ്‌ത സമയത്തെ അപേക്ഷിച്ച് ഏറെ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ജനസംഖ്യയിൽ ലോകത്ത് രണ്ടാമതുള്ള ഒരു രാജ്യത്ത് പ്രതിദിന പരിശോധന വർദ്ധിപ്പിക്കൽ എളുപ്പമല്ലെന്ന് ഐ.സി.എം.ആർ ഡയറക്‌ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
സ്‌പുട്നിക് വാക്‌സിൻ:ചർച്ച നടന്നു
റഷ്യ വികസിപ്പിച്ച സ്‌പുട്നിക് - 5 വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. വാക്‌സിനുമായി ബന്ധപ്പെട്ട ചില പ്രാഥമിക വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വാക്‌സിൻ പരീക്ഷണം രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്. ഭാരത് ബയോടെക്, സൈഡസ് കാഡിലാ വാക്‌സിനുകളുടെ ഒന്നാം ഘട്ടം പൂർത്തിയായി.
ഹോങ്കോംഗിലേത് അപൂർവം
കൊവിഡ് ഭേദമായവരിൽ വീണ്ടും വരാനുള്ള സാദ്ധ്യത വിരളമാണെന്നും ഹോങ്കോംഗിൽ ഒരു കേസ് റിപ്പോർട്ട് ചെയ്‌തത് പല കാരണങ്ങളാലാകുമെന്നും ഐ.സി.എം.ആർ ഡയറക്‌ടർ പറഞ്ഞു. വൈറസ് രോഗമായതിനാൽ ഒരിക്കൽ ബാധിച്ചാൽ വീണ്ടും വരാനുള്ള സാദ്ധ്യത കുറവാണ്. എന്നാൽ വൈറസിന് വരുന്ന ജനിതക മാറ്റങ്ങൾ രോഗബാധയ്‌ക്ക് കാരണമാകാം. കൊവിഡ് ഭേദമായവർക്കുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാർ സാങ്കേതിക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആന്ധ്രയിൽ ഇന്നലെ 9927 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തെങ്കിലും 9419 പേർക്ക് രോഗമുക്തിയായി.
കർണാടകയിൽ ഇന്നലെ റിപ്പോർട്ടു ചെയ്‌തത് 8,161 പുതിയ കേസുകൾ. ആകെ കേസുകൾ 2,91,826 കവിഞ്ഞു. ആകെ മരണം 4,958.
തമിഴ്നാട്ടിൽ ആകെ കേസുകൾ അരലക്ഷം കടന്നു (52,128). 6721 പേർ മരിച്ചു.
ഡൽഹിയിൽ 1544 പേർക്ക് ഇന്നലെ കൊവിഡ് പോസിറ്റീവായെങ്കിലും 1155 പേർക്ക് രോഗമുക്തിയും റിപ്പോർട്ടു ചെയ്തു.
ഒഡീഷയിൽ ആർ.ടി പി.സി.ആർ ടെസ്റ്റിന് 1200 രൂപ നിരക്ക് നിശ്ചയിച്ചു