inc

ന്യൂഡൽഹി: സോണിയാ ഗാന്ധിയെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും കോൺഗ്രസിൽ മുഴുവൻ സമയ അദ്ധ്യക്ഷനും താഴെ തട്ടുമുതൽ അഴിച്ചുപണിയും വേണമെന്ന തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കത്തു നൽകിയ നേതാക്കൾ വ്യക്തമാക്കി.

മാറ്റം അനിവാര്യമാണെന്ന് കത്തിൽ ഒപ്പിട്ട വീരപ്പമൊയ്‌ലി പറഞ്ഞു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സോണിയയ്‌ക്ക് കത്തു നൽകിയതെന്ന രാഹുൽ ഗാന്ധിയുടെ വാദം നേതാക്കൾ തള്ളി. ആശുപത്രിയിൽ നിന്ന് പോന്ന ശേഷമാണ് കത്തു കൈമാറിയത്. സോണിയയ്‌ക്ക് നൽകിയ കത്തിന്റെ ഉള്ളടക്കം തങ്ങളാരും മാദ്ധ്യമങ്ങൾക്ക് ചോർത്തിയിട്ടില്ല. കത്ത് ചോർത്തിയ ആളെ കണ്ടെത്തി ശിക്ഷിക്കണം.

സോണിയാ ഗാന്ധിയോട് ഇടക്കാല അദ്ധ്യക്ഷ പദവിയിൽ തുടരാൻ ആവശ്യപ്പെട്ട തിങ്കളാഴ്‌ചത്തെ പ്രവർത്തകസമിതി യോഗത്തിന് ശേഷം കത്തിൽ ഒപ്പിട്ട പ്രധാന നേതാക്കൾ യോഗം ചേർന്നിരുന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മുകുൾ വാസ്‌സിക്, ശശി തരൂർ, ആനന്ദ് ശർമ്മ, മനീഷ് തീവാരി തുടങ്ങിയവർ പങ്കെടുത്തു. ഇതിൽ ഗുലാംനബി ആസാദും മുകുൾ വാസ്‌നിക്കും പ്രവർത്തകസമിതിയിലും പങ്കെടുത്തിരുന്നു.