ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സെപ്തംബറിൽ നടക്കാനിരിക്കുന്ന നീറ്റ്,ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും. രോഗവ്യാപനം രൂക്ഷമായ സമയത്ത് പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബാംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർ കേന്ദ്രത്തിന് കത്തയച്ചു.
ഈ സമയത്ത് പരീക്ഷ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാകുമെന്ന് മുഖ്യമന്ത്രിമാർ കത്തിൽ വ്യക്തമാക്കി.
ഏകപക്ഷീയമായ തീരുമാനം കുട്ടികളുടെ ജീവൻ പന്താടുന്നതിന് തുല്യമാണെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാലിന് അയച്ച കത്തിൽ പറഞ്ഞു. പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം നിരാഹാര സമരം നടത്തിയിരുന്നു.