high-court
court

ന്യൂഡൽഹി: മലിനീകരണ കേസിൽ രണ്ട് പതിറ്റാണ്ടിലേറെ അമിക്കസ് ക്യൂറിയായി നടത്തിയ പ്രഗൽഭ സേവനത്തിന് കോടതി അനുവദിച്ച 50 ലക്ഷം രൂപ ഫീസ് വേണ്ടെന്ന് പറഞ്ഞ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനെ സുപ്രീംകോടതി പ്രശംസിച്ചു.

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനും മഗ്സാസേ അവർഡ് ജേതാവുമായ മഹേഷ് ചന്ദ്ര മേത്ത നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് രഞ്ജിത്ത് കുമാറിനെ സുപ്രീംകോടതി അമിക്കസ് ക്യൂറി ആയി നിയമിച്ചത്.

രഞ്ജിത് കുമാറിന് ഡൽഹി സർക്കാർ 50ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്. അദ്ദേഹം നിരാകരിച്ചതിനെ തുടർന്ന് രഞ്ജിത് കുമാറിനെ കോടതി ഉത്തരവിൽ തന്നെ പ്രശംസിക്കുകയും അദ്ദേഹത്തിന് തുക നൽകേണ്ടതില്ലെന്ന് വ്യക്തമാകുകയും ചെയ്‌തു. പ്രകൃതി സംരക്ഷണത്തിൽ രഞ്ജിത്തിന്റെ അത്മാർത്ഥമായ പ്രവർത്തനത്തിന് നന്ദിയുണ്ടെന്നും എല്ലാ കാലത്തും സ്‌മരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. രഞ്ജിത്തിനൊപ്പം അമിക്കസ് ക്യൂറിമാരായി സഹായിച്ച എ. ഡി. എൻ റാവു,​ അപരാജിത സിംഗ്, അനിതാ ഷേണായി എന്നിവർക്ക് ഇരുപത്തഞ്ച് ലക്ഷം വീതം നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ 2014ലാണ് എൻ.ഡി.എ സർക്കാർ സോളിസിറ്റർ ജനറലായി നിയമിച്ചത്. 2017ൽ രഞ്ജിത്ത് കുമാറിന് കാലാവധി നീട്ടി നൽകിയെങ്കിലും ഒക്ടോബറിൽ അദ്ദേഹം രാജിവച്ചു. സൊറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അടക്കം ഗുജറാത്ത് സർക്കാറിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിട്ടുണ്ട്.