ന്യൂഡൽഹി: ആദ്യ വിവാഹബന്ധം നിലനിൽക്കെ, രണ്ടാമത് വിവാഹിതനായാലും ഭർത്താവിന് ലഭിച്ച നഷ്ടപരിഹാര തുകയിൽ ആദ്യ ഭാര്യയ്‌ക്ക് മാത്രമാണ് അവകാശമെന്ന് ബോംബെ ഹൈക്കോടതി. കൊവിഡ് ബാധിച്ച് മരിച്ച മഹാരാഷ്ട്ര റെയിൽവേ പൊലീസിലെ എ.എസ്.പി സുരേഷ് ഹടാൻകറിന്റെ നഷ്ടപരിഹാര തുകയിൽ അവകാശമുന്നയിച്ച് രണ്ടാം ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എസ്.ജെ കാത്‌വാല, മാധവ് ജാംദാർ എന്നിവരുടെ പരാമർശം. ഒന്നാം വിവാഹം നിലനിൽക്കെ രണ്ടാം വിവാഹം നിയമപരമായി അസാധുവാണെന്നും എന്നാൽ രണ്ട് ഭാര്യമാരിലുമുണ്ടായ കുട്ടികൾക്ക് സ്വത്തിൽ അവകാശമുണ്ടാവുമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മേയ് 30നാണ് സുരേഷ് മരിച്ചത്.
മുംബയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന പൊലീസുകാർക്ക് 65 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇത് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹടാൻകറിന്റെ രണ്ടാം ഭാര്യ കോടതിയെ സമീപിച്ചത്. ഇത് നിരാകരിച്ച കോടതി, രണ്ടാം ഭാര്യയിലുണ്ടായ മകൾക്ക് നഷ്ടപരിഹാരത്തിന്റെ പങ്ക് നൽകാൻ നിർദേശിച്ചു. 1992ൽ ആദ്യം വിവാഹം കഴിച്ച സുരേഷ് 1998ലാണ് രണ്ടാമത് വിവാഹം കഴിച്ചത്.
പൊലീസുകാരന്റെ ആദ്യ ഭാര്യയും മകളും വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളുടെ ഭാഗമായി. ഹടാൻകറിന് രണ്ടാമതൊരു ഭാര്യ കൂടി ഉള്ള വിവരം തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. കോടതി നിർദ്ദേശപ്രകാരം പൊലീസുകാരന്റെ ആദ്യ ഭാര്യയ്ക്ക് പണം കൈമാറുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.