ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകളുൾപ്പെടുന്ന ഫയലുകൾ സൂക്ഷിക്കുന്ന സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ധനകാര്യ മന്ത്രിക്കും കത്തു നൽകിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട ഫയലുകൾ സൂക്ഷിച്ച അലമാര മാത്രം കത്തിയതിൽ അസ്വാഭാവികതയുണ്ട്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ, ജി.എ.ഡി പൊളിറ്റിക്കൽ അഡിഷണൽ സെക്രട്ടറി ഷൈൻ എ. ഹക്ക് എന്നിവർ അന്വേഷണം നേരിടുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഓഫീസ് സമയം കഴിഞ്ഞും പ്രവർത്തിക്കുന്ന സെക്‌ഷനിൽ അപകട സമയത്ത് ആരുമുണ്ടായിരുന്നില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ഹണി നഷ്‌ടപ്പെട്ട ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് ആസൂത്രിതമാണ്. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള ജനപ്രതിനിധികളെയും മാദ്ധ്യമപ്രവർത്തകരെയും വിലക്കാൻ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.