ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെ.എൻ.യു ഗവേഷക വിദ്യാർത്ഥിയും പൗരത്വ പ്രക്ഷോഭകനുമായ ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി ഇന്നലെ ഡൽഹിയിൽ എത്തിച്ചതിന് പിന്നാലെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേസിൽ ജൂലായ് 21 ന് ഷർജീലിനെ അസമിൽ നിന്ന് ഡൽഹിയിൽ എത്തിക്കാൻ തിരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുവാഹട്ടിയിലെ ജയിലിൽ തന്നെ താമസിപ്പിച്ചു. രോഗം ഭേദമായയോടെ ഇന്നലെ ഡൽഹിയിൽ എത്തിച്ചു.
ജനവരി 16 ന് അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ പ്രസംഗിക്കവെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ പറഞ്ഞെന്ന കേസിലാണ് ജനുവരി 28 ന് ബിഹാറിൽ നിന്ന് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ഏപ്രിലിൽ ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റവും ചുമത്തി. ഇതിന് പിന്നാലെയാണ് വീണ്ടും യു.എ.പി.എ ചുമത്തിയിരിക്കുന്നത്.
ഡൽഹിക്ക് പുറമെ യു.പി, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങൾ ഷർജീലിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിരുന്നു.