ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൗണിൽ രണ്ട് കോടിയോളം ജനങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് നിരത്തിൽ നിൽക്കെ ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോയെന്ന് മുൻ സുപ്രീം കോടതി ജഡ്ജി മാർകണ്ഡേയ കട്ജുവിന്റെ ട്വീറ്റ്.
സുശാന്തിന്റെ മരണത്തിന് ഇത്രക്ക് പ്രസക്തിയുണ്ടോ? മാർച്ച് മാസം മുതൽ രാജ്യത്ത് 20 ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി നഷ്ടമായി. എന്നാൽ ആരും അതിനെക്കുറിച്ച് പറഞ്ഞ് കാണുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കട്ജുവിന്റെ ട്വീറ്റിനെ നിരവധി പേർ അനുകൂലിച്ചു.
സുശാന്ത് സിംഗുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകളുടെ അതിപ്രസരം സംബന്ധിച്ച് കട്ജു നേരത്തെയും രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. 'രാവും പകലും സുശാന്ത് സിംഗുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ട് തന്റെ ചെവി തളർന്നിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, ദാരിദ്രം, വിലക്കയറ്റം , അഴിമതി ഇവയൊന്നുമല്ല രാജ്യത്തിന്റെ പ്രധാന പ്രശ്‌നം അത് സുശാന്ത് സിംഗ് രജ്പുത്താണ് "എന്നായിരുന്നു കട്ജു പറഞ്ഞത്. ഇതിനെതിരെ സുശാന്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.