ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംയുക്തമായി നീങ്ങാൻ പ്രതിപക്ഷ രാഷ്‌ട്രീയകക്ഷികളുടെ നീക്കം. ഇന്നലെ സോണിയാ ഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രതിപക്ഷ നീക്കത്തിന് സാഹചര്യമൊരുങ്ങിയത്. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ക്യാപ്ടൻ അമരീന്ദർ സിംഗ്, ഭൂപേഷ് ബാഗൽ, വി. നാരായണ സ്വാമി, അശോക് ഗെലോട്ട് എന്നിവർക്കൊപ്പം പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയവരും പങ്കെടുത്തു.
കുട്ടികളുടെ പ്രവേശ പരീക്ഷാ നടത്തിപ്പ് കേന്ദ്രസർക്കാരിന് അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. പരീക്ഷ നീട്ടിവയ്‌ക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കണമെന്ന് മമതാ ബാനർജി പറഞ്ഞു. മമതയുടെ നിർദ്ദേശത്തെ പിന്താങ്ങിയ ക്യാപ്ടൻ അമരീന്ദർ സിംഗ് കോളേജ് പരീക്ഷകൾ മാറ്റിവയ്‌ക്കാൻ യു.ജി.സി ഇടപെട്ടതുപോലെ ഇക്കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തു നിന്നുള്ള നീക്കങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
നയങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ താത്‌പര്യങ്ങൾ പൂർണമായി അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സോണിയാഗാന്ധി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നഷ്ടപരിഹാര കാര്യത്തിലും വിമാനത്താവളങ്ങൾ സ്വകാര്യവത്‌കരിക്കുന്നതിലും സംസ്ഥാന സർക്കാരുകളുടെ ആശങ്കകൾ അവഗണിക്കുന്നു. ധനകാര്യ വകുപ്പിന്റെ സ്‌റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ഫിനാൻസ് സെക്രട്ടറി പറഞ്ഞത് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാരം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ തട്ടിയെടുത്ത കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിപരീത ഫലമുണ്ടാക്കുമെന്ന് ഭയക്കുന്നതായും സോണിയ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ നയം കൊണ്ടുവരും മുമ്പ് സംസ്ഥാനങ്ങളോട് ചർച്ച നടത്തിയില്ലെന്ന് അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജി.എസ്.ടി നഷ്‌ടപരിഹാരം വിതരണം ചെയ്‌തില്ലെങ്കിൽ സംസ്ഥാനങ്ങളുടെ സ്ഥിതി ആശങ്കാജനകമാകുമെന്ന് ഭൂപേഷ് ബാഗൽ ചൂണ്ടിക്കാട്ടി.