sc-of-india

ന്യൂഡൽഹി:ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയത് കേന്ദ്രസർക്കാരിന്റെ ലോക്ക്ഡൗൺ തീരുമാനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൊറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയുടെ വാദത്തിനിടെയാണ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.

ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സർക്കാരിന്റെ നയമെന്ന് ബെഞ്ച് വിമർശിച്ചു. നിങ്ങൾ രാജ്യം മുഴുവൻ അടച്ചു പൂട്ടി. ഇനി പരിഹാരവും നിങ്ങൾ തന്നെ കണ്ടെത്തുക. മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാനാവില്ലെന്ന് റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദുരിതത്തിന് കാരണം ലോക് ഡൗൺ ആണ്. അതിനാൽ തീരുമാനം എടുക്കാതെ റിസർവ് ബാങ്കിന് പിന്നിൽ ഒളിച്ചു നിൽക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.

റിസർവ് ബാങ്കും, കേന്ദ്ര സർക്കാരും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് പിന്നിൽ ഒളിച്ചു നിൽക്കുന്നു എന്ന കോടതിയുടെ പരാമർശം തെറ്റാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

വായ്പകൾക്കും ഇ.എം.ഐ അടവിനും റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ആഗസ്റ്റ് 31 ന് തീരും. സെപ്റ്റംബർ 1 മുതൽ ഈ വായ്പകൾ കിട്ടാക്കടമായി മാറുമെന്നും ഇതിൽ തീരുമാനമുണ്ടാകുന്നതുവരെ മൊറട്ടോറിയം നീട്ടണമെന്നും അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാത്തതിനാൽ അടുത്ത പാദവും മോശമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

തുഷാർ മേത്ത സിബലിന്റെ വാദത്തെ എതിർത്തു. മൊറട്ടോറിയം കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയപരിധി അറിയിക്കണമെന്ന് തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഒരാഴ്ച കൂടി മേത്ത ആവശ്യപ്പെട്ടു.അപേക്ഷ അംഗീകരിച്ച കോടതി സെപ്റ്റംബർ 1ന് കേസ് വീണ്ടും പരിഗണിക്കും.