ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 60,000 കടന്നു. രോഗബാധിതരുടെ എണ്ണം 33 ലക്ഷത്തോടടുത്തു. ഇന്നലെ 66,873 പുതിയ രോഗികളും 1066 മരണവും. കൊവിഡ് മരണങ്ങളിൽ ആഗോളതലത്തിൽ നാലാമതാണ് ഇന്ത്യ. മൂന്നാം സ്ഥാനത്തുള്ള മെക്‌സിക്കോയിൽ ആകെ മരണം 62,000ത്തോളമാണ്.
രോഗമുക്തർ 3.5 മടങ്ങ് കൂടുതൽ
കൊവിഡ് ചികിത്സയിലുള്ളവരെക്കാൾ രോഗമുക്തരുടെ എണ്ണം 3.5 മടങ്ങ് കൂടുതലാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000ലേറെപ്പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,173 പേർ രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 24,67,758 ആയി. രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു. ആകെ രോഗികളുടെ 21.87 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് തുടർച്ചയായി കുറഞ്ഞ് 1.84ശതമാനമായി. ദശലക്ഷത്തിലെ പരിശോധന (ടി.പി.എം) 27,000 കടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹിയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.
പ്രതിദിനം 40,000ത്തോളം പരിശോധനയാണ് ലക്ഷ്യമിടുന്നത്. രോഗമുക്തി നിരക്ക് 90 ശതമാനമാണ്. ഇത് ദേശീയ ശരാശരിയാക്കൾ ഉയർന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 15ന് 652,17ന് 787 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗികൾ ആയിരത്തിലേറെയാണ്.
തമിഴ്‌നാട്ടിൽ 5958 പുതിയ രോഗികളും 118 മരണവും. ആകെ കേസുകൾ നാലുലക്ഷത്തിനടുത്തെത്തി.
ഉത്തർപ്രദേശിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു
നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കൾക്ക് കൊവിഡ്. തമന്നയുടെയും ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവ്.
അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പശ്ചിമബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബർ 20 വരെ തുറക്കില്ല.
കർണാടകയിൽ കോളേജുകൾ ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കാൻ സർക്കാർ തീരുമാനം
ഒഡിഷയിൽ 12ാംക്ലാസ് വരെയുള്ള സിലബസിൽ 30 ശതമാനം കുറവ് വരുത്തി.
ചെന്നൈയിൽ സ്‌പെഷൽ ബ്രാഞ്ച് സി.ഐ.ഡി ഓഫീസ് മാനേജർ കൊവിഡ് ബാധിച്ച് മരിച്ചു
ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം രണ്ടാംഘട്ടം പൂനൈയിൽ ആരംഭിച്ചു.