ന്യൂഡൽഹി: പതിമൂന്നുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കണ്ണ് ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി പത്ത് ദിവസം കഴിയും മുമ്പേ ഉത്തർപ്രദേശിൽ വീണ്ടും കൗമാരക്കാരിയെ പീഡിപ്പിച്ച് കൊന്നു
പതിമൂന്നുകാരി കൊല്ലപ്പെട്ട അതേ ലഖിംപുർ ഖേരി ജില്ലയിലെ ഗ്രാമത്തിലെ പതിനേഴുകാരിക്കാണ് ക്രൂരപീഡനത്തിൽ ജീവൻ നഷ്ടമായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.30 ഓടെ സ്കോളർഷിപ്പിനായുള്ള ഫോറം സമർപ്പിക്കാനായി തൊട്ടടുത്തുള്ള നഗരത്തിൽ പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിൽ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെ വെള്ളമില്ലാത്ത കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 15ന് ലഖിംപുരിൽ 13കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. നാക്ക് മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്ത മൃതദേഹം കരിമ്പിൻ പാടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.
ഓരോ മണിക്കൂറിലും ഉയരുന്ന നിലവിളി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത് ഉത്തർപ്രദേശിൽ നിത്യസംഭവമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരിയിൽ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഓരോ രണ്ട് മണിക്കൂറിലും ഉത്തർപ്രദേശിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു.
അതിൽ തന്നെ ഓരോ ഒന്നര മണിക്കൂറിലും ഓരോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്നു.
2018ൽ 4,322 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതായത് ദിവസം ചുരുങ്ങിയത് 12 എണ്ണം. ഇതിൽ 144 എണ്ണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. 2015 നും 19നും ഇടയിൽ 9,700 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നരാധമന്മാരുടെ പീഡനത്തിനിരയായതെന്ന് യു.പി. സർക്കാർ കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ആകെ 1,105 കേസുകളിലാണ് പ്രതികളെ പിടികൂടാനായത്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമം ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്ന് 2018 ലെ കണക്കുകൾ വ്യക്തമാക്കുന്നു. 59,445 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദിവസം 162 കേസുകൾ.
കേസെടുക്കാത്ത പൊലീസ്
ജാതീയമായും സാമ്പത്തികമായുമുള്ള വേർതിരിവുകൾ നിലനിൽക്കുന്ന യു.പിയിൽ അതിക്രമങ്ങളിൽ പൊറുതിമുട്ടി പരാതിപ്പെട്ടാലും കേസെടുക്കാൻ വിസമ്മതിക്കുന്ന ഒരു വിഭാഗം പൊലീസുകാരുണ്ടെന്നതാണ് ദയനീയം. ഒട്ടേറെ വിവാദങ്ങളിലേക്ക് വഴിവച്ച ബി.ജെ.പി മുൻ നേതാവ് കുൽദീപ് സിംഗ് സെൻഗാർ ഉൾപ്പെട്ട ഉന്നാവ പീഡനകേസ് ഇതിന് ഉദാഹരണമാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്നതിലും അധികമാണ് ഒതുക്കപ്പെടുന്ന കേസുകളെന്ന് മനുഷ്യാവകാശ പ്രവർത്തർ പറയുന്നു.
എൻ.സി.ആർ.ബി റിപ്പോർട്ട് (2018)
യു.പിയിലെ സ്ത്രീധന പീഡന കേസുകൾ - 2,444
വൃദ്ധ കൊലപാതകങ്ങൾ - 131
സൈബർ കുറ്റകൃത്യങ്ങൾ -6,280
അതിക്രമങ്ങൾ ഏറ്റവും കൂടുതൽ - ലക്നൗവിൽ ((2,736 കേസുകൾ)
സംസ്ഥാനത്ത് ജംഗിൾ രാജ് ആണ് നടക്കുന്നത്. പെൺകുട്ടികൾ എങ്ങനെയാണ് പഠിക്കാനായി വീട്ടിൽ നിന്നും പുറത്തിറങ്ങുക. ആരാണ് അവരുടെ സുരക്ഷ ഉറപ്പ് വരുത്തുക.
- പ്രിയങ്ക ഗാന്ധി