ന്യൂഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താൻ സുപ്രീംകോടതി അനുമതി നിഷേധിച്ചു. ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കാനാവില്ലെന്നും ഘോഷയാത്ര അനുവദിച്ചാൽ കൊവിഡ് വ്യാപനത്തിന് ഒരു പ്രത്യേക സമുദായം പഴികേൾക്കേണ്ടി വരുമെന്നും ഇതുസംബന്ധിച്ച ഹർജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നുള്ള ഷിയാ നേതാവ് സയ്യിദ് കൽബെ ജവാദ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയും ജസ്റ്റിസ്‌മാരായ എ. എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരും ഉൾപ്പെട്ട ബെഞ്ച് തള്ളിയത്.
രാജ്യത്താകെ മുഹറം ഘോഷയാത്ര അനുവദിച്ച് ഒരു പൊതു ഉത്തരവ് നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഞങ്ങൾ ഇത് അനുവദിച്ചാൽ രാജ്യത്താകെ കൂട്ടക്കുഴപ്പമുണ്ടാകും. കൊവിഡ് പടർത്തിയെന്ന് ആരോപിച്ച് ഒരു സമുദായത്തെ ലക്ഷ്യംവയ്ക്കും. ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല. കോടതിക്ക് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കാനാവില്ല - ബെഞ്ച് വ്യക്തമാക്കി.
പുരി രഥയാത്ര സുപ്രീംകോടതി അനുവദിച്ചെന്ന് ഹർജിക്കാൻ വാദിച്ചു.
ജഗന്നാഥ് ക്ഷേത്രത്തിലെ രഥയാത്ര അവിടെ മാത്രം നടക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജ്യം മുഴുവൻ മുഹറം ആഘോഷിക്കാനുള്ള പൊതുഉത്തരവാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. അത് സാദ്ധ്യമല്ല. നിങ്ങൾ ഒരിടത്ത് ഘോഷയാത്രയ്‌ക്കുള്ള അനുമതിയാണ് ആവശ്യപ്പെട്ടതെങ്കിൽ അപകടസാദ്ധ്യത വിലയിരുത്തി ഉത്തരവിറക്കാമായിരുന്നു - ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.
ഷിയ മുസ്‌ലിങ്ങൾ ധാരാളമുള്ള ലക്‌നൗവിൽ ഘോഷയാത്ര അനുവദിക്കണമെന്ന് ഹർജിക്കാരൻ അഭ്യർത്ഥിച്ചു. ലക്‌നൗവിലെ അനുമതിക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹർജി പിൻവലിക്കാൻ ബെഞ്ച് അനുവദിച്ചു.