ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിൽ കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ ഇന്നലെയും മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിച്ചു.
എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. പരീക്ഷ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗ് മുതിർന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി. പരീക്ഷ നടത്തരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആവശ്യപ്പെട്ടിരുന്നു.
നീറ്റ് ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷ നടത്താൻ അനുയോജ്യമായ സാഹചര്യമില്ലെന്ന് കാട്ടി തമിഴ്‌നാട് സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ നീറ്റ് പ്രവേശന പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. രാവിലെ 11ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഓൺലൈനായി നടത്താം: പഞ്ചാബ്
ഈ വർഷത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ ഓൺലൈനായി നടത്താമെന്ന നിർദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ''പരീക്ഷകൾ ഓൺലൈനിൽ നടത്താം.കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുമെന്നാണ് കരുതുന്നത്. ലോകമെമ്പാടും ഈ രീതിയിൽ പരീക്ഷകൾ നടക്കുന്നുണ്ടെന്നും എന്തുകൊണ്ട് ഇവിടെ മാത്രം കഴിയുന്നില്ലെന്നും' അമരീന്ദർ സിംഗ് ചോദിച്ചു.