ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 75000 കടന്നു. ബുധനാഴ്ച 75995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1017 പേർ മരിച്ചു. ആകെ രോഗികളുടെ എണ്ണം 33 ലക്ഷവും മരണം 61000വും പിന്നിട്ടു.
അതേസമയം, രോഗമുക്തരുടെ എണ്ണം 25 ലക്ഷം (25,23,771) പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 56,013 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 76.24 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 9 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 3.9 കോടിയോട് അടുത്തു. നിലവിൽ 7,25,991 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 21.93 ശതമാനംപേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. മരണ നിരക്ക് കുറഞ്ഞ് 1.83 ശതമാനമായി. പത്തു സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന രോഗമുക്തി നിരക്കുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.