ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 75000 കടന്നു. ബുധനാഴ്ച 75995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1017 പേർ മരിച്ചു. ആകെ രോഗികളുടെ എണ്ണം 33 ലക്ഷവും മരണം 61000വും പിന്നിട്ടു.
അതേസമയം, രോഗമുക്തരുടെ എണ്ണം 25 ലക്ഷം (25,23,771) പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 56,013 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 76.24 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 9 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 3.9 കോടിയോട് അടുത്തു. നിലവിൽ 7,25,991 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 21.93 ശതമാനംപേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. മരണ നിരക്ക് കുറഞ്ഞ് 1.83 ശതമാനമായി. പത്തു സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന രോഗമുക്തി നിരക്കുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് മരണങ്ങളിലേറെയും
ഒമ്പത് സംസ്ഥാനങ്ങളിൽ
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ 89 ശതമാനവും 9 സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, തെലങ്കാന, ഗുജറാത്ത്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മുകാശ്മീർ സംസ്ഥാനങ്ങളിലാണ് കൊവിഡ് സ്ഥിതി രൂക്ഷമായത്. ഇവിടങ്ങളിലെ സാഹചര്യം കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഭ വിലയിരുത്തി. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ചീഫ്സെക്രട്ടറിമാർ പങ്കെടുത്തു.
മഹാരാഷ്ട്രയിൽ 14718 പുതിയ രോഗികൾ. 355 മരണവും.
ഗുജറാത്തിലെ അഹമ്മദാബാദ് വെസ്റ്റിൽ നിന്നുള്ള ബി.ജെ.പി എം.പി കീർത്തി സോളങ്കിക്ക് കൊവിഡ്.
ഡൽഹിയിൽ 1840 പുതിയ രോഗികൾ.
പശ്ചിമബംഗാളിൽ 2997 പേർക്ക് കൂടി രോഗം.