ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ നികുതി വരുമാനത്തിലെ ഇടിവ് കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്‌ടപരിഹാരം കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് നൽകാനാവില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്രത്തിന് നിയമോപദേശം നൽകി. എന്നാൽ,കൊവിഡ് കാലത്ത് സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്‌ടം കേന്ദ്രം സർക്കാർ നികത്തണം.
. വരുമാനം കുറഞ്ഞാലും സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെങ്കിലും ജി.എസ്.ടി ഫണ്ടിൽ നിന്ന് നൽകാനാകില്ല. വായ്‌പയായി നൽകുന്ന കാര്യം ആലോചിക്കാവുന്നതാണ്. ജി.എസ്.ടി നടപ്പാക്കിയ 2017 മുതൽ 2022 വരെ നഷ്‌ടപരിഹാരത്തിനുള്ള കാലാവധി ദീർഘിപ്പിക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ച് തീരുമാനിക്കാം.
കൊവിഡ് മഹാമാരിയെ 'ദൈവത്തിന്റെ കളികൾ' എന്നാണ് ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ മന്ത്രി വിശേഷിപ്പിച്ചത്. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ചതിച്ചെന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്‌താവനയെ പരാമർശിച്ച് ,ചിലർ പുറത്തു നിന്ന് രാഷ്‌ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്നും ,ജി.എസ്.ടി കൗൺസിലിൽ മാന്യമായ ചർച്ചകളാണ് നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.