sc

ന്യൂഡൽഹി: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിനായി ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ഉത്തരവ് പുനപരിശോധിക്കുന്ന കാര്യം സുപ്രീംകോടതി.വിശാല ബെഞ്ചിന് വിട്ടു.

2004ലെ ഇ.വി. ചിന്നയ്യ കേസിലാണ്, ഇങ്ങനെ ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ ഇന്നലെ പഞ്ചാബ് സ്വദേശി ദവീന്ദർ സിംഗും സംസ്ഥാന സർക്കാരും തമ്മിലുള്ള കേസിൽ വിധി പറയുന്നതിനിടെ, ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് മറിച്ചുള്ള അഭിപ്രായം മുന്നോട്ടുവച്ചു. തുടർന്നാണ് തീരുമാനം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ചിന് വിട്ടത്. പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കാൻ സർക്കാരിന് അധികാരം നൽകി പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ളതാണ് ദവീന്ദർ സിംഗിന്റെ ഹർജി.

പട്ടിക വിഭാഗ സംവണാനുകൂല്യങ്ങൾ താഴെത്തട്ടിലെത്താതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിൽ മുൻഗണന തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നിയമ നിർമാണം നടത്താമെന്ന നിരീക്ഷണത്തിലെത്തിയതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ച് ഉത്തരവിൽ പറയുന്നു.