ന്യൂഡൽഹി : സുപ്രീംകോടതി മുൻ ജഡ്ജിയും കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ.ആർ. ലക്ഷ്മണൻ (78) ചെന്നൈയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. തുടർന്ന് തിരുച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 24നാണ് ഇദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ആച്ചി മരിച്ചത്.
എ.ആർ.എൽ. അരുണാചലം (മദ്രാസ് ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ), എ.ആർ.എൽ. സുന്ദരേശൻ, ഉമയാൾ, ശരവണവല്ലി എന്നിവർ മക്കളാണ്.
പൊതുസ്ഥലത്ത് പുകവലി നിരോധിച്ചത് ഉൾപ്പെടെ നിരവധി നിർണായക വിധി പ്രഖ്യാപനങ്ങൾ നടത്തിയ ബെഞ്ചുകളിൽ അംഗമായിരുന്നു. ശബരിമല ക്ഷേത്ര ശ്രീകോവിലിന് സ്വർണംപതിക്കാൻ അനുമതി നൽകി. ക്ഷേത്രങ്ങളിൽ ആനകളെ നടക്കിരുത്തുന്നവർ പരിപാലന ചെലവ് കൂടി നൽകണമെന്ന് വിധിച്ചു. മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ചു.
പ്രഭാഷകൻ കൂടിയായ ജസ്റ്റിസ് എ.ആർ. ലക്ഷ്മണൻ ദി ജഡ്ജ് സ്പീക്‌സ്, 'നീതിയിൻ കുരൽ' എന്നീ പുസ്തകങ്ങൾ രചിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ തുടങ്ങിയവർ അനുശോചിച്ചു.
ജീവിതരേഖ
1942ൽ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവക്കോട്ടയിൽ ജനനം
അരുണാചലം മദ്രാസ് ലാ കോളജിൽ നിന്ന് ബിരുദം നേടി.
1990 ജൂണിൽ മദ്രാസ് ഹൈക്കോടതി ജഡ്ജി.
1997ൽ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി.
2002 ഡിസംബർ 20ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
2007 മാർച്ച് 22ൽ വിരമിച്ചു.
ശേഷം 18-ാമത് ലോകമ്മീഷൻ ചെയർമാനായി.