life

സ്വർണക്കടത്ത് കേസിൽ യു.എ.ഇ അറ്റാഷെയെ വിട്ടുകിട്ടാനും പ്രയാസം

ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരളം ആവശ്യമായ അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് പാർലമെന്റ് സമിതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടാൻ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന വിദേശകാര്യ മന്ത്രാലയത്തിനായുള്ള സ്‌‌റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും അൽഫോൺസ് കണ്ണന്താനവുമാണ് ലൈഫ് മിഷൻ പദ്ധതി, സ്വർണക്കടത്ത് വിഷയങ്ങൾ ഉന്നയിച്ചത്. ലൈഫ് മിഷൻ പദ്ധതിക്കായി യു.എ.ഇയിലെ റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടതിൽ വീഴ്‌ചയുണ്ടായെന്ന് വിദേശകാര്യ സെക്രട്ടറി മറുപടി നൽകി. വിദേശ രാജ്യവുമായോ, വിദേശ ഏജൻസികളുമായോ സഹകരിക്കുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ല..

സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യോഗത്തിൽ കസ്‌റ്റംസ്-എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതിനിധികൾ അറിയിച്ചു. നയതന്ത്ര ബാഗേജുകൾ വിട്ടുകൊടുക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതി ആവശ്യമാണ്. ഇല്ലാത്തവ വിട്ടുകൊടുക്കാറില്ല. ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ വാദം നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി കാണാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

സ്വർണക്കടത്ത് കേസിൽ അറ്റാഷെയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആ രാജ്യത്ത് പോയി അയാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് പോംവഴി. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഫൈസൽ ഫരീദിനെ യു.എ.ഇയിൽ നിന്ന് എപ്പോൾ നാട്ടിലെത്തിക്കുമെന്ന എം.പിമാരുടെ ചോദ്യത്തിന് മറുപടി ലഭിച്ചില്ല.