ന്യൂഡൽഹി: അടുത്ത മാസം 14 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ കൊവിഡ് സുരക്ഷാ ചട്ടങ്ങളുടെ ഭാഗമായി ഒരു സമയം ഒരു സഭ മാത്രമായിരിക്കും നടക്കുക. രാവിലെ മുതൽ ഉച്ചവരെ രാജ്യസഭയും ഉച്ചമുതൽ വൈകിട്ട് ഏഴുവരെ ലോക്‌സഭയും ചേരും.

സെപ്‌തംബർ 14 മുതൽ ഒക്‌ടോബർ ഒന്നുവരെ 18 ദിവസം അവധിയില്ലാതെ തുടർച്ചയായി സമ്മേളനം നടത്താനാണ് ആലോചന. പാർലമെന്ററികാര്യ മന്ത്രിതല സമിതി യോഗത്തിന് ശേഷം തിയതി പ്രഖ്യാപിക്കും. സുരക്ഷാ അകലം പാലിക്കാൻ എം.പിമാരെ രാജ്യസഭ - ലോക്‌സഭ ചേംബറുകളിലും ഗാലറികളിലുമാകും ഇരുത്തുക. ഈ സമ്മേളന കാലത്ത് സന്ദർശകരെ പൂർണമായും വിലക്കും.

ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ മോക്ക് സമ്മേളനം നടത്തി. എം.പിമാർ രണ്ട് സഭാ ചേംബറുകളിൽ ഇരുന്ന് നടപടികളിൽ പങ്കെടുക്കുന്നതിന്റെ സാങ്കേതിക പ്രശ്‌നങ്ങളും മറ്റുമാണ് ഇന്നലെ പരിശോധിച്ചത്.