ന്യൂഡൽഹി:വിവാദമായ എസ്.എൻ.സി. ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന് മാറ്റം. ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്ന് കേസ് ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരൺ എന്നിവരുൾപ്പെട്ട ബെഞ്ചിലേക്കാണ് മാറ്റിയത്. പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.
കേസിൽ ഏഴാം പ്രതിയായിരുന്ന പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, എട്ടാംപ്രതി മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ആഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ. നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണനയിലുള്ളത്. ഹൈക്കോടതി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നാണ് സി.ബി.ഐയുടെ വാദം. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് കാട്ടി കസ്തൂരി രംഗ അയ്യരും, ആർ. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.