ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കൊവിഡ് മൂലം നിറുത്തിവച്ച ഭക്ഷണ,പാനീയ വിതരണം പുനഃരാരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം അനുമതി നൽകി. അന്താരാഷ്‌ട്ര സർവീസുകളിൽ ഡിസ്‌പോസിബിൾ പാത്രങ്ങളിൽ മദ്യം അടക്കമുള്ള പാനീയങ്ങളും ചൂട് ഭക്ഷണവും നൽകും.
കൊവിഡ് മൂലം നിറുത്തിവച്ച ആഭ്യന്തര വിമാന സർവീസ് മെയ് 25ന് പുനരാരംഭിച്ചത് മുതൽ ഭക്ഷണ വിതരണമില്ല. വെള്ളം മാത്രമാണ് നൽകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കൊഴികെ ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിനും നിയന്ത്രണമുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള അന്താരാഷ്‌ട്ര സർവീസുകളിൽ ദീർഘദൂരം യാത്രയുണ്ടെങ്കിൽ മാത്രം പായ്ക്ക് ചെയ്ത ഭക്ഷണം നൽകുന്നുണ്ട്. മദ്യം നൽകുന്നില്ല.
ആഭ്യന്തര സർവീസുകളിൽ
പായ്ക്ക് ചെയ്‌ത ഭക്ഷണവും പാനീയവും ഡിസ്‌പോസിബിൾ പാത്രങ്ങളിൽ വിതരണം ചെയ്യാം. ചായയും മറ്റും ഒഴിച്ചു കൊടുക്കാൻ പാടില്ല.
ഭക്ഷണ വിതരണ ശേഷം കാബിൻ ക്രൂ കയ്യുറകൾ മാറ്റണം.
ഇയർഫോണുകളും മറ്റും യാത്രയ്‌ക്ക് ശേഷം അണുവിമുക്തമാക്കണം.
അന്താരാഷ്ട്ര സർവീസുകളിൽ
ചൂടു ഭക്ഷണം വിതരണം ചെയ്യാം. (നിലവിൽ പായ്ക്ക് ചെയ്‌തവ)
ചെറിയ തോതിൽ മദ്യം അടക്കം ബിവറേജസുകൾ ഡിസ്‌പോസിബിൾ പാത്രങ്ങളിൽ വിതരണം ചെയ്യാം. ഒഴിച്ചു നൽകൽ പാടില്ല.
മാസ്‌ക് ഇല്ലെങ്കിൽ കരിമ്പട്ടികയിൽ
മാസ്കും ഫേസ് ഷീൽഡും ധരിക്കാൻ വിമുഖത കാട്ടുന്ന യാത്രക്കാരെ കരിമ്പട്ടികയിൽപ്പെടുത്താൻ വിമാന കമ്പനികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഇവർക്ക് പിന്നീട് യാത്ര വിലക്കുണ്ടാകും.