supreme-court

ന്യൂഡൽഹി: എസ്.എൻ.സി. ലാവ്ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ചെയർമാനും കേസിലെ പ്രതിയുമായ ആർ. ശിവദാസൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണിത് .

ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്ന് ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരൺ എന്നിവരുൾപ്പെട്ട ബെഞ്ചിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയതിന് പിന്നാലെയാണ് കേസ് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തത്.കേസിൽ ഏഴാം പ്രതിയായിരുന്ന പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, എട്ടാം പ്രതി മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണക്കോടതി നടപടി 2017 ആഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ. നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നാണ് സി.ബി.ഐയുടെ വാദം.