supreme-court

ന്യൂഡൽഹി: അവസാന വർഷ ബിരുദ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജികൾ തള്ളിയ സുപ്രീംകോടതി ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വിജയിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി. അവസാന വർഷ പരീക്ഷ സെപ്തംബറിൽ നടത്തണമെന്ന യു.ജി.സി സർക്കുലർ റദ്ദാക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് യു.ജി.സിയെ സമീപിക്കാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സുഭാഷ് റെഡ്ഢി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

എല്ലാ സർവകലാശാലകളും വാ‌ർഷിക ബിരുദ പരീക്ഷകൾ നിർബന്ധമായും നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. പരീക്ഷ റദ്ദാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. രാജ്യത്തുടനീളം പിന്തുടരുന്ന അക്കാഡമിക്‌ കലണ്ടർ മാറ്റാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല.

പരീക്ഷ റദ്ദാക്കൽ അംഗീകരിക്കാനാകില്ലെന്ന് യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സെപ്തംബറിൽ പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകാമെന്നും യു.ജി.സി വ്യക്തമാക്കിയിരുന്നു.