ന്യൂഡൽഹി : കൊവിഡ് ഭീതി നിലനിൽക്കെ ജെ.ഇ.ഇ നീറ്റ് പരീക്ഷകൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്.
പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർത്ഥികൾ നൽകിയ ഹർജി 17ന് സുപ്രീംകോടതി തള്ളിയിരുന്നു.
പരീക്ഷ മാറ്റിവച്ചാൽ ഒരു വർഷം നഷ്ടപ്പെടുമെന്നും അതിലൂടെ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഹർജി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെനേതൃത്വത്തിൽ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ. ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗം ചേർന്നിരുന്നു.