ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടയിലും നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി എൻ.ടി.എ. സെപ്തംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെ.ഇ.ഇ. നീറ്റ് 13നും. രണ്ട് പരീക്ഷകൾക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, 1300ൽ അധികം തെർമൽ സ്‌കാനറുകൾ തുടങ്ങിയവ സജ്ജമാക്കും.
3,300 ശുചീകരണ തൊഴിലാളികളെയും നിയോഗിക്കും.
മുന്നൊരുക്കങ്ങൾക്കായി അധികമായി 13കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക. കൊവിഡ് വ്യാപനത്തിന് ശേഷം ദേശീയ തലത്തിൽ നടത്തുന്ന ആദ്യ പരീക്ഷയെന്ന പ്രത്യേകതയും ഇതിനുണ്ട്. പരീക്ഷ ഇനി നീട്ടാനാകില്ലെന്നും ദീപാവലിയ്ക്ക്‌ശേഷം പരീക്ഷ നടത്തിയാൽ ഒരു സെമസ്റ്റർ നഷ്ടമാകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം
കൊവിഡ് കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എൻ.എസ്.യു.ഐ പ്രവർത്തകർ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ കോൺഗ്രസ് ആരംഭിച്ച 'സ്പീക്ക് അപ്പ് ഫോർ സ്റ്റുഡന്റസ് സേഫ്ടി' കാമ്പെയിൻ ട്വിറ്ററിൽ ട്രെൻഡിംഗാണ്. മെച്ചപ്പെട്ട ഇന്ത്യയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെയാണ് നാം ആശ്രയിക്കുന്നതെന്നും അവരുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറകണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സർക്കാരിന്റെ പരാജയങ്ങളുടെ പേരിൽ നീറ്റ്, ജെ.ഇ.ഇ എഴുതുന്ന വിദ്യാർത്ഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.