ന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നൽകിയതിലൂടെ പാർട്ടിയെ വെട്ടിലാക്കിയ നേതാക്കളെ തളയ്ക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയതായി സൂചന. അതേസമയം, പാർട്ടി നാശത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പ് നൽകി കത്തെഴുതിയവരിൽ പ്രമുഖനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലംനാബി ആസാദ് പ്രതികരിച്ചതോടെ കത്ത് വിവാദം പാർട്ടിയിൽ കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമായി. ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് പാർട്ടിയെന്ന് 2014, 2019 തിരഞ്ഞെടുപ്പുകൾ തെളിയിച്ചതായി കപിൽ സിബലും പറഞ്ഞു.
മുഴുവൻ സമയ അദ്ധ്യക്ഷനും താഴെതട്ടു മുതൽ തിരഞ്ഞെടുപ്പും നടത്തിയില്ലെങ്കിൽ കോൺഗ്രസ് അടുത്ത 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.
പത്തംഗ സമിതി, കൂടുതലും വിശ്വസ്തർ
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം സെപ്തംബറിൽ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കാനും ചർച്ചകളിൽ ഇടപെടാനും പത്തംഗ സമിതിയെ സോണിയ നിശ്ചയിച്ചു. രാജ്യസഭയിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരും ലോക്സഭയിൽ ആദിർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയ്, കൊടിക്കുന്നിൽ സുരേഷ്, മണിക്കം ടാഗോർ, രവ്നീത് സിംഗ് ബിട്ടു എന്നിവരുമാണ് സമിതിയിലുള്ളത്.
സമിതിയിൽ ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശർമ്മയും ഒഴികെയുള്ളവർ ഹൈക്കമ്മാൻഡിന്റെ വിശ്വസ്തരാണ്. കത്തെഴുതിയ കപിൽ സിബൽ, മനീഷ തിവാരി, ശശി തരൂർ എന്നിവർക്ക് ഇടം നൽകിയില്ല. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെയും സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിനെയും ഉൾപ്പെടുത്തുകയും ചെയ്തു.
ജയ്റാം രമേശിനെ രാജ്യസഭയിലെ ചീഫ് വിപ്പാക്കി. ലോക്സഭയിൽ പാർട്ടി നേതാവായി ആദിർ രഞ്ജൻ ചൗധരിയും ചീഫ് വിപ്പായി കൊടുക്കുന്നിൽ സുരേഷും തുടരും. ഉപനേതാവിന്റെ പദവിയിൽ ഗൗരവ് ഗോഗോയ് എത്തി.
നേതാക്കൾക്കെതിരെ സംസ്ഥാന ഘടകങ്ങൾ
സോണിയയ്ക്ക് എഴുതിയ കത്തിൽ ഒപ്പിട്ട നേതാക്കൾക്കെതിരെ സംസ്ഥാന ഘടകങ്ങൾ നടപടിക്ക് നീക്കം തുടങ്ങി. പൃഥ്വീരാജ് ചവാൻ, മിലിന്ദ് ദിയോറ എന്നിവരോട് മാപ്പു പറയാൻ മഹാരാഷ്ട്ര പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ജിതിൻ പ്രസാദയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗസ് നേതാക്കൾ രംഗത്തെത്തി.
പ്രവർത്തക സമിതിയിൽ ശുപാർശക്കാർ
രൂക്ഷവിമർശനമാണ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദ് നടത്തിയത്. നോമിനേഷൻ വഴി പദവികളിലെത്തുന്നവരാണ് തങ്ങളെ എതിർക്കുന്നത്.നേതൃത്വത്തിലുള്ള പലർക്കും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയില്ല.ഇപ്പോൾ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തക സമിതിയിലെത്തുന്നത്. അദ്ധ്യക്ഷന് എത്രപേരുടെ പിന്തുണയുണ്ടെന്ന് പറയാനാകില്ല.
സ്ഥിരമായി അപ്പോയ്ൻമെന്റ് കാർഡ് ലഭിക്കുന്ന ചിലർക്ക് ഇതു മനസിലാകില്ല. തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്നത് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അപമാനമാകുന്നത് എങ്ങനെയാണെന്നും ഗുലാം നബി ചോദിച്ചു.
തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ്: കൊടിക്കുന്നിൽ
കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂർ എം.പിക്കെതിരെരൂക്ഷവിമർശനവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് .
കത്തിൽ ഒപ്പ് വച്ച മറ്റൊരു മുതിർന്ന നേതാവായ പി.ജെ. കുര്യനെ ന്യായീകരിച്ചും, തരൂരിനെ തള്ലിപ്പറഞ്ഞും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയതിന് പിന്നാലെയാണിത്. കെ. മുരളീധരൻ എം.പിയും തരൂരിനെ പരിഹസിച്ചിരുന്നു.
തരൂർ ഒരു ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് കൊടിക്കുന്നിൽ പരിഹസിച്ചു. പാർട്ടിയുടെ അതിർവരമ്പുകൾ അദ്ദേഹത്തിനറിയില്ല. വിശ്വപൗരനായത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ല. കോൺഗ്രസ് ദേശീയനേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂർ ഉൾപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതക്കുറവാണ്. പാർട്ടിയുടെ അതിർവരമ്പുകളിൽ നിന്നുള്ള പാർട്ടി, പാർലമെന്ററി പ്രവർത്തനം അദ്ദേഹത്തിന് മനസ്സിലാക്കാനാവാത്തത് കൊണ്ടാണ് എല്ലാറ്റിലുമൊരു എടുത്തുചാട്ടമെന്നും കൊടിക്കുന്നിൽ പറഞ്ഞു.