vasantha

ന്യൂഡൽഹി: തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും കന്യാകുമാരി എം.പിയും വസന്ത് ആൻഡ് കോ വ്യാപാര ശൃംഖലയുടെ സ്ഥാപകനുമായ എച്ച്.വസന്തകുമാർ കൊവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്ന ആദ്യ എം.പിയാണ്. 10നാണ് വസന്തകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലായിരുന്നു. ഭാര്യതമിഴ് ശെൽവിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തമിഴ്‌നാട് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാണ് വസന്തകുമാർ. 2008ൽ വിനോദ ചാനലായ വസന്ത് ടി.വിയും സ്ഥാപിച്ചു. 2019ൽ സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ബി.ജെ.പി നേതാവ് പൊൻ രാധാകൃഷ്ണനെ 2,59,933 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്.
കന്യാകുമാരി അഗസ്തീശ്വരത്തിൽ 1950 ഏപ്രിലിലാണ് ജനനം. മക്കൾ: വിജയ് വസന്ത്, വിനോത് കുമാർ, തംഗമലർ. സഹോദരൻ കുമാരി ആനന്ദൻ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനാണ്. ബി.ജെ.പി നേതാവും തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ മരുമകളാണ്.