ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട സാമൂഹിക പ്രവർത്തക സുധ ഭരദ്വാജിന്റെ ജാമ്യ ഹർജി ബോംബെ ഹൈക്കോടതി തള്ളി. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുള്ള തനിക്ക് ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നായിരുന്നു സുധയുടെ ആവശ്യം. എന്നാൽ ജയിലിലെ ചികിത്സ തുടരാൻ നിർദേശിച്ച കോടതി ജാമ്യാപേക്ഷ തള്ളി. ജസ്റ്റിസുമാരായ ആർ.ഡി ധനുക്ക, വി.ജി ബിഷ്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
മുംബൈ ബൈകുള വനിതാ ജയിലിൽ കഴിയുന്ന സുധ ഭരദ്വാജിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ജയിൽ അധികൃതർ കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ സുധയ്ക്ക് പ്രമേഹവും ഹൈപ്പർ ടെൻഷനുമുണ്ടെന്നും മെഡിക്കൽ ഓഫിസർ ജയിലിലെത്തി പരിശോധിച്ചതായും നിലവിൽ അവസ്ഥ തൃപ്തികരമാണെന്നും രേഖപ്പെടുത്തിയിരുന്നു.
വരവര റാവു, വെർനോൻ ഗോൺസാൽവ്‌സ്, അരുൺ ഫെറെറ, ഗൗതം നവ്‌ലാഖ തുടങ്ങിയവർക്കൊപ്പം 2018 ലാണ് എൽഗാർ പരിഷത്ത് സംഘാടനവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് ഭീമ കൊറെഗാവ് വാർഷിക ആഘോഷങ്ങൾക്കിടയിൽ ഒരാൾ മരിക്കാനും ഏതാനും പേർക്ക് പരിക്കേൽക്കാനുമിടയായ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.