covid-test

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എം.പിമാരും കൊവിഡ് പരിശോധന നടത്തണമെന്ന് സ്പീക്കർ ഓം ബിർള നി‌ർദ്ദേശിച്ചു. മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകളിലെ ജീവനക്കാരും ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാകണം. ആവശ്യമെങ്കിൽ റാൻഡം പരിശോധന നടത്തും. തെർമ്മൽ സ്‌കാനറുകളും ഗണ്ണുകളും ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. പാർലമെന്റ് കോംപ്ലെക്സ് അണുവിമുക്തമാക്കും. സാനിറ്റൈസറുകളും ലഭ്യമാക്കും. അംഗങ്ങളെ ഇരുന്ന് സംസാരിക്കാൻ അനുവദിക്കും. സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ആരോഗ്യമന്ത്രാലയം, ഐ.സി.എം.ആർ, എയിംസ്,ഡി.ആർ.ഡി.ഒ,ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തി. സെപ്തംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. രാവിലെയും വൈകിട്ടുമായി രണ്ടു ഷിഫ്റ്റായാണ് സഭ സമ്മേളിക്കുക.