votting

 തദ്ദേശ തിരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടിക വേണ്ട

ന്യൂഡൽഹി: കേന്ദ്ര ഇലക്ഷൻ കമ്മിഷൻ തയ്യാറാക്കുന്ന വോട്ടർപട്ടിക ലോക് സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കാൻ കേന്ദ്രം ആലോചിക്കുന്നു. ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന നയത്തിന്റെ ഭാഗമായാണിത്.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് പൊതുവോട്ടർ പട്ടിക.

രണ്ടു വോട്ടർ പട്ടിക സമയനഷ്‌ടവും അധിക സാമ്പത്തിക ചെലവും വരുത്തുന്നതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 1999ലും 2004ലും ചൂണ്ടിക്കാട്ടിയിരുന്നു. പൊതു വോട്ടർ പട്ടിക വന്നാൽ പേരുകൾ ആവർത്തിക്കൽ, പൊരുത്തക്കേടുകൾ തുടങ്ങിയ പരാതികൾ പരിഹരിക്കാം. ലാ കമ്മിഷനും 2015ൽ ഇതേ ശുപാർശ നൽകിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം 13ന് നിയമ മന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയുടെ യോഗം വിളിച്ചാണ് സാദ്ധ്യത ആരാഞ്ഞത്. സംസ്ഥാനങ്ങളുമായി ആലോചിച്ച് ഒരു മാസത്തിനുള്ളിൽ അടുത്ത നടപടിയിലേക്ക് കടക്കാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്ക് നിർദ്ദേശം നൽകി.

കേരളം, യു.പി, ഉത്തരാഖണ്ഡ്, അസാം, മദ്ധ്യപ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സംസ്ഥാന കമ്മിഷനാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ ഇതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക അതേപടി ഉപയോഗിക്കാറുണ്ട്.

ഭരണഘടനാ ഭേദഗതി

 ഭരണഘടനയുടെ 243-കെ, 243-ഇസഡ് എ വകുപ്പുകൾ ഭേദഗതി ചെയ്‌ത് കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ വോട്ടർ പട്ടിക എല്ലാ തിരഞ്ഞെടുപ്പുകൾക്കും നിർബന്ധമാക്കാം

 243 കെ, 243 ഇസഡ് എ വകുപ്പുകൾ: വോട്ടർ പട്ടിക തയ്യാറാക്കി പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നു.

പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക ഉപയോഗിക്കാൻ സംസ്ഥാന നിയമങ്ങളിൽ മാറ്റം വരുത്തണം.